ഹിന്ദുക്കളെയും ഭാരത സംസ്കാരത്തെയും അപമാനിച്ചു,​ എം വി ഗോവിന്ദനെതിരെ കേസെടുക്കണം : കെ.സുരേന്ദ്രൻ

Saturday 04 January 2025 7:34 PM IST

തിരുവനന്തപുരം: സനാതന ധർമ്മം അശ്ലീലമാണെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. കോടിക്കണക്കിന് വരുന്ന ഹിന്ദുക്കളെയും ഭാരത സംസ്കാരത്തെയുമാണ് ഗോവിന്ദൻ അപമാനിച്ചത്. സനാതന ധർമ്മത്തിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഗോവിന്ദന്റെ പ്രസ്താവനയും ഒരേ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

മതതീവ്രവാദികളെ സന്തോഷിപ്പിക്കലാണ് ഇത്തരം പ്രസ്താവനകൾ കൊണ്ട് സി.പി.എം ലക്ഷ്യമിടുന്നത്. ഇൻഡി മുന്നണി നേതാക്കൾ സനാതന ധർമ്മത്തെ ആക്രമിക്കുന്നത് തുടരുകയാണ്. നേരത്തെ ഡി.എം.കെയും പിന്നീട് ശക്തി സങ്കൽപ്പത്തെ അവഹേളിച്ച് രാഹുൽ ഗാന്ധിയും രംഗത്ത് വന്നിരുന്നു. ഇപ്പോൾ സി.പി.എമ്മും അത് തുടരുകയാണ്. ഈ നാടിന്റെ സംസ്കാരം അശ്ലീലമാണെന്ന് ചിന്തിക്കുന്നത് കൊണ്ടാണ് ഈ നാട്ടുകാർ സി.പി.എമ്മിനെ ചവറ്റ് കൊട്ടയിലേക്ക് വലിച്ചെറിഞ്ഞത്. രാജ്യത്ത് ഉപ്പുവെച്ച കലം പോലെ ആയ സി.പി.എമ്മാണ് ഏറ്റവും വലിയ അശ്ലീലമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

സനാതന ധർമത്തിനെതിരായ വിവാദ പ്രസ്താവന പിൻവലിക്കാത്ത മുഖ്യമന്ത്രി ഹിന്ദുസമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരനും പറഞ്ഞിരുന്നു. രാജ്യവ്യാപക പ്രതിഷേധം ഉയർന്നിട്ടും തിരുത്താൻ തയ്യാറാകാത്ത പിണറായിയുടെ നിലപാട് അംഗീകരിക്കാനാകില്ല. കോടിക്കണക്കിനുപേർ പിന്തുടരുന്ന വിശ്വാസധാരയെ അശ്ലീലം എന്ന് വിശേഷിപ്പിക്കുക വഴി എം.വി. ഗോവിന്ദൻ ഹിന്ദുവിശ്വാസികളോടുള്ള അറപ്പും വെറുപ്പുമാണ് പ്രകടമാക്കിയിട്ടുള്ളത്. മതമൗലികവാദികളുടെ പിന്തുണയും വോട്ടും ലക്ഷ്യംവെച്ച് ദുഷ്ടലാക്കോടെ പ്രവർത്തിക്കുകയാണ് സിപിഎം നേതാക്കളെന്നും വി.മുരളീധരൻ ആരോപിച്ചു.