'ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; മുസ്ലിംലീഗിന്റെ തലയറുപ്പ് രാഷ്ട്രീയത്തിനെതിരെ അവസാന ശ്വാസംവരെ പൊരുതും'

Thursday 07 May 2026 10:04 AM IST

തിരൂർ: തവനൂർ പെരുന്തല്ലൂരിൽ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് കെ ടി ജലീൽ. മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും "തലയറുപ്പ് രാഷ്ട്രീയ"ത്തിനെതിരെ അവസാന ശ്വാസം വരെയും പൊരുതുമെന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. തലയെടുക്കാൻ ധൈര്യമുള്ളവർക്ക് മുമ്പോട്ടു വരാമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇന്ന് ആടിന്റെ തല! നാളെ എന്റെ തലയോ?

മുസ്ലിംലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും "തലയറുപ്പ് രാഷ്ട്രീയ"ത്തിനെതിരെ അവസാന ശ്വാസം വരെയും പൊരുതും.

ആയിരം തവണ വർഗീയ കൂട്ടുമുന്നണി എന്നെ തോൽപിച്ചാലും നിങ്ങൾക്കു കീഴടങ്ങുന്ന പ്രശ്നമില്ല.

മതേതര രാഷ്ട്രീയത്തിന്റെ ഇടതുപക്ഷ പതാക നെഞ്ചോട് ചേർത്ത് ഉയർത്തിപ്പിടിച്ച് മരിച്ചു വീഴുന്നതു വരെ സധൈര്യം മുന്നോട്ടു പോകും.

തലയെടുക്കാൻ ധൈര്യമുള്ളവർക്ക് മുമ്പോട്ടു വരാം.

വെട്ടിവീഴ്ത്താൻ ചങ്കൂറ്റമുള്ളവർക്ക് അങ്കത്തിനിറങ്ങാം.

തല വെട്ടുന്നവരുടേതല്ല മലപ്പുറം,

തല കാക്കുന്നവരുടേതാണ് മലപ്പുറം.

ആ മലപ്പുറത്തിനു വേണ്ടിയാകും ശിഷ്ടകാല പോരാട്ടം.

ഇൻക്വിലാബ് സിന്ദാബാദ്

തവനൂർ പെരുന്തല്ലൂരിൽ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. കെ ടി ജലീലിന്റെ തോൽവിയാണ് മുസ്ലിംലീഗ് പ്രവർത്തകർ ആടിന്റെ തലവെട്ടി ആഘോഷിച്ചതെന്നാണ് ആക്ഷേപം. വീഡിയോ ദൃശ്യങ്ങൾ പരന്നതോടെ വിവാദമാവുകയായിരുന്നു. ആടിന്റെ അറുത്തെടുത്ത തലയുമായി റോഡിലൂടെ നടക്കുന്ന ദൃശ്യം പുറത്തുവിട്ട തെളിനീർ ചിന്തകൻ എന്ന ഫേസ്ബുക്ക് പ്രൊഫൈൽ ഉടമക്കെതിരെയാണ് കേസ്. അനിമൽ ആക്ട് പ്രകാരവും ബി.എൻ.എസ് 325 (മൃഗങ്ങളെ ദ്രോഹിക്കുക) എന്നീ വകുപ്പുകളും ചേർത്താണ് കേസ്. വിശാഖ് കെ. വിശ്വൻ എന്നയാൾ നൽകിയ പരാതിയിലാണ് കേസ്.

സംഭവത്തിൽ മുസ്ളീം ലീഗ് പ്രവ‌ർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. യൂത്ത് ലീഗ് പെരുനല്ലൂർ വാർഡ് സെക്രട്ടറിയും തൃപ്രങ്ങോട് പഞ്ചായത്ത് ഭാരവാഹിയുമായ കുരിക്കൾപടി മച്ചിങ്ങൽ റാഫി, ലീഗ് പ്രവ‌ർത്തകൻ പെരുന്തല്ലൂർ വാൽപറമ്പിൽ ഷുഹൈബ് എന്നിവർക്കെതിരെയാണ് തിരൂർ പൊലീസ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ചതിന് ഐടി ആക്‌ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.