ഇന്ന് എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് മൊബെെൽ ഫോൺ. ഇത് ഇല്ലാത്തൊരു ലോകത്തെക്കുറിച്ച് ഇനി ചിന്തിക്കാൻ പോലും വളരെ പ്രയാസമാണ്. ഒരാളുടെ എല്ലാ വിവരങ്ങളും ഈ ഫോണിൽ ഉണ്ട്. അങ്ങനെയുള്ളപ്പോൾ ഈ ഫോൺ നഷ്ടപ്പെട്ടാലോ? വില കൂടിയ ഇത്തരം ഫോണുകൾ വഴിയിൽ കിടന്ന് കിട്ടിയാൽ ചിലർ അത് തിരികെ ഏൽപ്പിക്കും. മറ്റ് ചിലർ ആവട്ടെ അതിന്റെ സിം മാറ്റി ഉപയോഗിക്കാറുമുണ്ട്.
എന്നാൽ ഫോൺ നഷ്ടപ്പെട്ടാൽ അത് കണ്ടുപിടിച്ച് തിരിച്ച് നിങ്ങളിൽ എത്തിക്കുന്ന ഒരു സംവിധാനം ഇന്ന് നിലവിലുണ്ട്. എന്നാൽ അതിനെക്കുറിച്ച് അധികമാർക്കും അറിയില്ല. ഇത്തരത്തിൽ നഷ്ടപ്പെട്ട ഫോൺ കണ്ടുപിടിക്കാൻ കേരള പൊലീസിൽ ഒരു ഉദ്യോഗസ്ഥ സംഘം തന്നെയുണ്ട്. അക്കൂട്ടത്തിൽ കഴിവ് തെളിയിച്ച അടൂർ സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിജയ് കണ്ടുപിടിച്ചത് 70 ഓളം ഫോണാണ്.
2023ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ സിഇഐആർ പോർട്ടലിലൂടെ ഐഫോൺ ഉൾപ്പടെ നിരവധി മൊബെെൽ ഫോണുകളാണ് വിജയ് കണ്ടെത്തിയത്. 2025 ജനുവരി മുതലാണ് അടൂർ സ്റ്റേഷനിൽ ഇതിനായി വിജയ്‌യെ നിയമിക്കുന്നത്. നിങ്ങളുടെ മൊബെെൽ ഫോൺ നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്? മൊബെെൽ ഫോൺ നഷ്ടപ്പെട്ടാൽ എവിടെയാണ് പരാതി നൽകേണ്ടത്? ഇക്കാര്യങ്ങളെക്കുറിച്ച് വിജയ് കേരള കൗമുദി ഓൺലെെനിനോട് സംസാരിക്കുന്നു.
മൊബെെൽ ഫോൺ നഷ്ടമായാൽ
ഫോൺ നഷ്ടമായാൽ ആദ്യം പൊലീസ് സ്റ്റേഷനിൽ എത്തി ഒരു പരാതി നൽകണം. ശേഷം നഷ്ടപ്പെട്ട ഫോണിൽ ഉണ്ടായിരുന്ന സിമ്മിന്റെ ഡ്യൂപ്ലിക്കറ്റ് സിം കാർഡ് എടുക്കുക. എന്നിട്ട് അത് ആക്ടീവ് ആകുമ്പോൾ പരാതിയുടെ രസീതും ഐഡി കാർഡുവച്ച് സിഇഐആർ പോർട്ടലിൽ ( CEIR Portal ) രജിസ്റ്റർ ചെയ്യണം.
'മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ മൊബൈൽ ഫോൺ' (Block stolen / lost mobile) എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് വേണം രജിസ്റ്റർ ചെയ്യാൻ. ഇതിൽ നഷ്ടപ്പെട്ട് പോയ ഫോണിന്റെ വിവരങ്ങൾ ശരിയായ രീതിയിൽ നൽകണം. ശേഷം ആധാർ കാർഡ് ഈ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. പൊലീസിൽ പരാതി നൽകിയ രസീതും അതിലെ നമ്പറും അപ്‌ലോഡ് ചെയ്യണം. ഫോൺ നഷ്ടപ്പെട്ട സ്ഥലവും കൊടുക്കണം.
അപ്പോൾ ഫോണിന്റെ ഐഎംഇഐ നമ്പർ ബ്ലോക്ക് ആകും. പിന്നെ നഷ്ടമായ ഫോണിൽ പുതിയ സിം ഇട്ട് ആരെങ്കിലും ഉപയോഗിക്കാൻ ശ്രമിച്ചാൽ അത് നടക്കില്ല. ആ ഫോണിൽ പിന്നെ നെറ്റ് വർക്ക് സർവീസ് ലഭിക്കില്ല, ഫോൺ കോളും ചെയ്യാൻ കഴിയില്ല. എന്നാൽ ആ ഫോണിൽ മറ്റൊരു സിം ഇട്ടാൽ ആ സിമ്മിന്റെ നമ്പർ പൊലീസിന് ലഭിക്കും. അപ്പോൾ അത് ഉപയോഗിച്ചാണ് പൊലീസ് ഫോൺ കണ്ടെത്തുന്നത്. ഫോൺ തിരികെ കിട്ടിയാൽ ഐഎംഇഐ നമ്പർ ബ്ലോക്ക് നീക്കം ചെയ്ത് ഉടമയ്ക്ക് നൽകുന്നു.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം അടൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അടൂർ സിഐയുടെ ടീമാണ് നഷ്ടമായ മൊബെെൽ ഫോൺ തിരികെ എത്തിക്കുന്നത്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ എല്ലാ പൊലീസ് സ്റ്റേഷനിലും ഈ സംവിധാനമുണ്ട്. എന്നാൽ പൊതുജനങ്ങക്ക് ഇതെക്കുറിച്ച് കൃത്യമായ അറിവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |