തൃശൂർ: ചുമട് എടുക്കലോ, അതൊക്കെ നീയെങ്ങനെ ചെയ്യും ? എന്ന് ചോദിക്കുന്നവരോട് ലക്ഷ്മി പറയും: ''എല്ലാ തൊഴിലും സ്ത്രീകൾക്കും വഴങ്ങും... സംശയമുണ്ടേൽ പൂത്തോളിലേക്ക് വാ..."" ഏഴു മാസമായി തൃശൂർ റെയിൽവേ സ്റ്റേഷനടുത്ത് പൂത്തോളിൽ ചുമട്ടുതൊഴിലാളിയാണ് മുളയം കൂട്ടാല സ്വദേശി ലക്ഷ്മി.
ചുമട്ടുതൊഴിലാളിയായിരുന്ന ഭർത്താവ് ജിനേഷ് രണ്ടു വർഷം മുമ്പ് മരിച്ചപ്പോൾ ആ തൊഴിൽ അഭിമാനപൂർവം ഏറ്റെടുത്തു. മൂന്നു മക്കളുണ്ട്. എട്ട്, ആറ് ക്‌ളാസുകളിൽ പഠിക്കുന്ന രണ്ട് പെൺമക്കൾ. മകൻ മൂന്നിൽ. കടംവന്ന് ജീവിതഭാരം തലയിലേറി കുടുംബം പുലർത്താൻ നട്ടം തിരിഞ്ഞപ്പോഴാണ് ലക്ഷ്മി ഭർത്താവിന്റെ ജോലി ഏറ്റെടുത്തത്.
ആദ്യമൊക്കെ പലതരം എതിർപ്പുണ്ടായി. പിന്നീട് മാറി. ബി.എം.എസ് യൂണിയന്റെ കീഴിൽ കാവി യൂണിഫോം അണിഞ്ഞ് ജോലിക്കിറങ്ങി. രോഗം വന്നപ്പോൾ ഭർത്താവിന്റെ ചികിത്സയ്ക്കായി വാങ്ങിയ കടങ്ങളുടെ ഭാരമുണ്ടെങ്കിലും ലക്ഷ്മി ജീവിതം തിരികെപ്പിടിച്ചു. ഇപ്പോൾ സഹോദരന്മാരുടെ സ്ഥാനത്ത് സഹപ്രവർത്തകരായ ചുമട്ടു തൊഴിലാളികൾ. അവരുടെ പിന്തുണയും കരുതലുമാണ് മനക്കരുത്ത്. പൊരിവെയിലത്ത് പണിയെടുക്കുന്നതു കണ്ട് പലരും സഹതപിക്കും. അവരോട്, 'ജീവിതപ്രാരാബ്ധങ്ങളുടെ ഭാരത്തിന് മുന്നിൽ ഈ ചുമടൊക്കെ എന്ത്' എന്ന് മനസിൽ പറഞ്ഞ് ചിരിക്കും.
കാവി യൂണിഫോമിൽ ലക്ഷ്മി ചുമടെടുക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിയിരുന്നു. ആദ്യമായി ചുമടെടുക്കുന്ന ലക്ഷ്മിക്ക് എങ്ങനെയാണ് ചുമട് കൈാര്യം ചെയ്യേണ്ടതെന്ന നിർദ്ദേശം നൽകുന്നത് വീഡിയോയിലുണ്ടായിരുന്നു. ലക്ഷ്മിക്ക് അഭിനന്ദനങ്ങളും അനുമോദനങ്ങളുമായി സാമൂഹിക രാഷ്ട്രീയ മേഖലയിലെ നിരവധി പേരെത്തി.
ആരോരുമില്ലാതെ...
മക്കളെ മൂന്നുപേരെയും സ്‌കൂളിൽ വിട്ടിട്ടുവേണം വീട്ടിൽ നിന്നിറങ്ങാൻ. തിരികെ അവരെത്തുമ്പോഴേക്കും ഓടിയെത്തണം. ഭക്ഷണം കൊടുക്കണം, പഠിപ്പിക്കണം. മക്കൾക്ക് കൂട്ടിന് മറ്റാരുമില്ല. സ്‌കൂൾ അവധി ദിനങ്ങളിൽ മക്കളും ഒപ്പം പോരും. മാതാവ് ചുമടെടുക്കുന്നതു കണ്ട് അവർ നെടുവീർപ്പിടും. ലക്ഷ്മിയുടെ മാതാപിതാക്കൾ കോയമ്പത്തൂരിലാണ്. ഭർത്താവിന്റെ കുടുംബാംഗങ്ങളും ഒപ്പമില്ല. അപസ്മാരം ബാധിച്ച് ഭർത്താവ് രോഗിയാകുംവരെ തട്ടിമുട്ടി ജീവിക്കുകയായിരുന്നു. രോഗം എല്ലാം തളർത്തി. പട്ടികജാതിക്കാരിയായ ഇവർക്ക് ലൈഫ് പദ്ധതി വഴി വീടു കിട്ടി. പക്ഷേ, അറ്റകുറ്റപ്പണി തീർന്നിട്ടില്ല. മക്കളുടെ പഠനച്ചെലവും കൂടി വരികയാണ്.
എന്തെങ്കിലും ജോലി ചെയ്തു തന്നെ ജീവിക്കണമെന്ന വാശിയുണ്ടായിരുന്നു. അതുകൊണ്ടാണ് ചുമടെടുക്കാൻ തയ്യാറായത്. ഈ തൊഴിലിൽ ഞാൻ ഹാപ്പിയാണ്.
ലക്ഷ്മി ജിനേഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |