അമിതമായ ഉത്കണ്ഠ നിങ്ങളുടെ ശരീരത്തെ തളർത്തുന്നുണ്ടോ? ഈ ലക്ഷണങ്ങൾ തിരിച്ചറിയുക
വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, നെഞ്ചിടിപ്പ്, കഴുത്തുവേദന, വിട്ടുമാറാത്ത തലവേദന എന്നിവ കണ്ടാൽ അത് പനിയുടെ ലക്ഷണമാണെന്ന് കരുതി തള്ളിക്കളയരുത്. ശരീരം പ്രകടിപ്പിക്കുന്ന അമിതമായ ഉത്കണ്ഠയുടെ ലക്ഷണങ്ങളാണിവ. ഒരു പകർച്ചവ്യാധി പോലെ ഉത്കണ്ഠ പലരുടെയും ജീവിതത്തെ ഇന്ന് വിഴുങ്ങുകയാണ്. ലക്ഷ്യങ്ങൾ അന്വേഷിച്ചുള്ള നെട്ടോട്ടത്തിനിടയിൽ മനസിനേക്കാൾ വേഗത്തിൽ ശരീരം ഇത്തരം സമ്മർദ്ദങ്ങളോട് പ്രതികരിക്കുന്നു എന്നതാണ് വാസ്തവം.
ഉത്കണ്ഠ മനസസിനെ മാത്രം ബാധിക്കുന്ന ഒന്നാണെന്നാണ് പൊതുവായ ധാരണ. എന്നാൽ നിയന്ത്രണം വിട്ട് ഒഴുകുന്ന പുഴ പോലെ അത് മനസിന്റെ അതിർവരമ്പുകളെയെല്ലാം ഭേദിച്ച് ശരീരത്തെയും ബാധിക്കുമെന്ന് പ്രമുഖ മെഡിക്കൽ എഡ്യൂക്കേറ്ററും കൗൺസിലറുമായ ഡോ. വൈശാലി ഭാരംഭെ പറയുന്നു. ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികളെയോ ഭീഷണികളെയോ നേരിടാൻ ശരീരം നൽകുന്ന 'റെഡ് അലേർട്ട്' അഥവാ ജാഗ്രതാ നിർദ്ദേശമാണിത്. പുറമേ നിന്നുള്ള പ്രശ്നങ്ങളോ, സ്വന്തം കഴിവിനെക്കുറിച്ചുള്ള ആത്മവിശ്വാസക്കുറവോ ആകാം ഇതിന് കാരണം.
ഉത്കണ്ഠ അനുഭവപ്പെടുമ്പോൾ ശരീരത്തിലെ 'സിംപതറ്റിക് സിസ്റ്റം' ഉണരുകയും അഡ്രിനാലിൻ, കോർട്ടിസോൾ തുടങ്ങിയ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈയൊരു പ്രക്രിയയിലൂടെ നെഞ്ചിൽ ഒരുതരം മുറുക്കവും പൾസ് റേറ്റും ഉയരുകയും ചെയ്യുന്നത് ഉത്കണ്ഠയുടെ പ്രാഥമിക ലക്ഷണമാണ്. ശ്വാസമെടുക്കുന്ന വേഗത കൂടുംതോറും നിങ്ങളെ അത് തലകറക്കത്തിലേക്കും കടുത്ത ക്ഷീണത്തിലേക്കും നയിക്കാം.
സമ്മർദ്ദമുണ്ടാകുമ്പോൾ ദഹനപ്രക്രിയ സാവധാനത്തിലാവുകയും രക്തയോട്ടം പേശികളിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഇത് ഓക്കാനം, വയർ വീക്കം, ഇടയ്ക്കിടെ ടോയിലറ്റിൽ പോകേണ്ടി വരിക തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകുന്നു.
ഏതു നിമിഷവും പ്രതികരിക്കാൻ പാകത്തിൽ ശരീരത്തിലെ പേശികൾ വലിഞ്ഞു മുറുകുന്നത് ഉത്കണ്ഠയുടെ പ്രധാന ലക്ഷണമാണ്. ഇത് പലപ്പോഴും കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും കാരണമാകാറുണ്ട്. വരാനിരിക്കുന്ന ഒരു അപകടത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ ശരീരം സ്വയം തയ്യാറെടുക്കുന്നതുകൊണ്ടാണ് ഇത്തരം മാറ്റങ്ങൾ സംഭവിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് കൃത്യമായ വിശ്രമവും പരിചരണവും ഉറപ്പാക്കിയാൽ ഈ അവസ്ഥയിൽ നിന്ന് പെട്ടെന്ന് മുക്തി നേടാം.