ഒരു ചായയ്‌ക്ക് 782 രൂപ, ഒരു പ്ലേറ്റ് അവിലിന് 1512 രൂപ; ഇങ്ങനെയും ജീവിക്കാം

Tuesday 13 January 2026 5:22 PM IST

ലൊസേഞ്ചൽസ്: കഠിനാദ്ധ്വാനമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടിയെന്ന് തെളിയിച്ച നിരവധി ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ആ കൂട്ടത്തിലേക്ക് ഇടംനേടിയിരിക്കുകയാണ് യുഎസിൽ താമസിക്കുന്ന ബീഹാർ സ്വദേശിയായ ഒരു യുവാവ്. യുഎസിലെ ലൊസേഞ്ചൽസിൽ ചായയും പോഹയും (അവൽ) വിൽക്കുന്ന യുവാവിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇൻസ്റ്റഗ്രാമിൽ 'ചായ്‌ ഗായ്‌ എൽ എ' എന്നറിയപ്പെടുന്ന ഇയാളുടെ യഥാർത്ഥ പേര് പ്രഭാകർ പ്രസാദ് എന്നാണ്.

ഒരു കപ്പ് ചായയ്‌ക്ക് 8.68 ഡോളറും ( ഏകദേശം 782 രൂപ ) ഒരു പ്ലേറ്റ് അവലിന് 16.8 ഡോളറും (ഏകദേശം 1,512) ആണ് യുവാവ് ഈടാക്കുന്നത്. അമേരിക്കയിലെ ജീവിതനിലവാരവും സാധനങ്ങളുടെ വിലയും താരതമ്യം ചെയ്യുമ്പോൾ ഇത് വലിയ വിലയല്ലെന്നാണ് പലരുടെയും അഭിപ്രായം.

വിദേശത്ത് പലരും ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ സ്വയം തൊഴിൽ കണ്ടെത്തിയ യുവാവിന് വലിയ പ്രശംസയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. കഠിനാദ്ധ്വാനത്തിലൂടെ ഏത് പ്രതികൂല സാഹചര്യത്തെയും നേരിടാൻ സാധിക്കുമെന്ന ആത്മ വിശ്വാസമാണ് യുവാവ് നൽകുന്നത്. മറ്റൊരു ദേശത്ത് ആയിരുന്നിട്ട് കൂടി മാതൃഭാഷയിലാണ് യുവാവ് സംസാരിക്കുന്നത്. അയാളുടെ കച്ചവടത്തെക്കാളുപരിയായി അയാൾ കച്ചവടം ചെയ്യുന്ന രീതിയാണ് പലരെയും ആകർഷിക്കുന്നത്.

പ്രസാദിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ലൊസേഞ്ചൽസിൽ അയാൾ കച്ചവടം നടത്തുന്നതിന്റെ നിരവധി വീഡിയോകളുണ്ട്.ഒരു വീഡിയോയിൽ, തന്റെ നീണ്ട മുടിയും മീശയും പലപ്പോഴും ലൊസേഞ്ചൽസിലെ ആളുകളെ യേശുക്രിസ്തുവിനോട് താരതമ്യം ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ജനുവരി ആദ്യ വാരം മുതലാണ് പ്രസാദിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്.