വേദിയിലുള്ളവരെ സൈഡാക്കി അമലാപോളിന്റെ മകൻ; കൈയടിച്ച് ആരാധകർ
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് അമലാപോൾ. അഭിനയത്തിനുപുറമെ പ്രണയം, ദാമ്പത്യം, മാതൃത്വം എന്നിവയെക്കുറിച്ച് താരം പങ്കുവയ്‌ക്കാറുള്ള കാഴ്‌ചപാടുകളും പലപ്പോഴും ചർച്ചചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ, അമലാപ്പോളിന്റെ മകൻ ഇലൈയുടെ വികൃതികളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മാതൃദിനത്തോടനുബന്ധിച്ച് ഒരു സ്വകാര്യ ഹോസ്‌പിറ്റൽ ഗർഭിണികൾക്കായി സംഘടിപ്പിച്ച 'താരാട്ടഴക്' എന്ന പരിപാടിയിൽ അതിഥികളായെത്തിയതായിരുന്നു അമലാപോളും ഭർത്താവ് ജഗത് ദേശായിയും. താരങ്ങളുടെ മകൻ ഇലൈയും അവർക്കൊപ്പമുണ്ടായിരുന്നു.
പരിപാടിക്കിടെ ഓടിനടന്ന് വികൃതികാട്ടുന്ന ഇലൈയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കുട്ടിയെ ഒരിടത്ത് സമാധാനിപ്പിച്ച് നിർത്താൻ അമലാപോളും ഭർത്താവും ശ്രമിക്കുന്നുണ്ടെങ്കിലും അവൻ കണ്ട ഭാവം പോലും കാണിക്കുന്നില്ല. പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്ക് വേദി അലങ്കരിച്ചിരുന്ന പൂക്കളോരോന്നായി കൊണ്ട് വന്ന് കൊടുക്കുന്നത് മറ്റൊരു വീഡിയോയിൽ കാണാം. വേദിയിലുള്ളവരെയെല്ലാം ഒരുപോലെ പരിഗണിച്ച കൊച്ചുമിടുക്കനെ അഭിനന്ദിക്കാൻ ആരാധകർ മറക്കുന്നില്ല.
മറ്റൊരു വീഡിയോയിൽ ഒരു സെൽഫി എടുക്കുന്നതിനായി ജഗത് ദേശായി മകനെ എടുത്തുകൊണ്ട് വരുന്നുണ്ടെങ്കിലും താഴെ നിർത്തുന്നതിന് മുൻപ് തന്നെ അവൻ ഓടിപ്പോകുന്നു. നിരവധി പേരാണ് വീഡിയോയ്‌ക്ക് ലൈക്കും കമന്റും ചെയ്‌തിരിക്കുന്നത്. പഞ്ചാബി സ്റ്റൈലിൽ വേഷമണിഞ്ഞാണ് അമലാപോളും കുടുംബവും പരിപാടിക്കെത്തിയത്. ഈ സ്റ്റൈലിനെ അഭിനന്ദിക്കാനും ആരാധകർ മറക്കുന്നില്ല.