കായംകുളം: കായംകുളത്തെ സാഹിത്യ, സാംസ്കാരിക മേഖലകളിൽ ഉജ്ജ്വല ശോഭ പരത്തിയ വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ കായംകുളം എം.എസ്.എം കോളേജ് ഇംഗ്ളീഷ് വിഭാഗം മുൻ മേധാവി പ്രൊഫ.കോഴിശ്ശേരി രവീന്ദ്രനാഥ്.
സാഹിത്യകാരൻ, കവി, ഗാനരചയിതാവ്, പരിഭാഷകൻ, പ്രഭാഷകൻ തുടങ്ങി അദ്ദേഹം കൈവെയ്ക്കാത്ത മേഖലകൾ വിരളമായിരുന്നു. മദ്ധ്യ തിരുവിതാംകൂറിലെ ആനുകാലിങ്ങളിലും മറ്റു പ്രസിദ്ധീകരണങ്ങളിലുമെല്ലാം അദ്ദേഹത്തിന്റെ ലേഖനങ്ങൾ നിറഞ്ഞുനിന്നു. വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമയായിരുന്ന രവീന്ദ്രനാഥ് വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരുമായി ഇടപഴുകി. അവസാനകാലത്ത് അദ്ദേഹം തയ്യാറാക്കിയ, ടാഗോറിന്റെ ഗീതാഞ്ജലിയുടെ പരിഭാഷ കായംകുളം മുനിസിപ്പൽ ലൈബ്രറിയിൽ പ്രകാശനം ചെയ്യാവാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് മരണം കൂട്ടിക്കൊണ്ടുപോയത്. എം.ഫിൽ (ഇംഗ്ലീഷ് ), എം.എ (മലയാളം), ജേർണലിസം ഡിപ്ലോമ തുടങ്ങിയ
യോഗ്യതകളുള്ള രവീന്ദ്രനാഥ് നഗരത്തിലെ സൗമ്യ സാന്നിദ്ധ്യമായിരുന്നു. കോഴിശ്ശേരി മാധവൻ പിള്ളയുടെയും കുമ്പളത്ത് തങ്കമ്മപ്പിള്ളയുടെയും മകനായി ജനിച്ച അദ്ദേഹം രാഷ്ടീയ സാംസ്കാരിക രംഗത്തെ പ്രമുഖനായിരുന്ന യശ:ശരീരനായ പ്രൊഫ.കോഴിശേരി ബാലരാമന്റെ സഹോദരനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |