ചാരുംമൂട്: ചായ കുടിക്കുന്നതിനിടെ കടയുടമയുടെ രണ്ടരപവൻ മാല മോഷ്ടിച്ച കേസിലെ പ്രതിയെ, ഉത്സവപ്പറമ്പിൽ ബജിക്കട നടത്തുന്നതിനിടെ പൊലീസ് പിടികൂടി. നൂറനാട് പടനിലത്ത് ചായക്കട നടത്തുന്ന കോട്ടാതെക്കതിൽ തുളസീധരൻ കടയിൽ സൂക്ഷിച്ചിരുന്ന മാല കവർന്ന കേസിൽ കൈനകരി നെടുമുടി കൊച്ചുപറമ്പിൽ ശിവദാസനെയാണ് (56) നൂറനാട് പൊലീസ് ആലപ്പുഴ വളവനാട് പുത്തൻകാവ് ദേവീക്ഷേത്ര പരിസരത്തു നിന്ന് പിടികൂടിയത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: കഴിഞ്ഞ നവംബർ 29ന് ആയിരുന്നു സംഭവം.
രണ്ടു പേർ തുളസീധരന്റെ കടയിൽ ചായ കുടിക്കാനെത്തി. ചായ തിളപ്പിക്കുന്നതിനിടെ കഴുത്തിൽ കിടന്ന സ്വർണമാല തുളസീധരൻ ഊരി സമീത്തെ കട്ടിലിൽ കിടന്നിരുന്ന തലയിണയ്ക്കടിയിലേക്ക് വച്ചു. ചായ കുടിക്കാൻ വന്നവരിൽ ഒരാൾ
ഇത് ശ്രദ്ധിക്കുകയും മൊബൈൽ ചാർജ് ചെയ്യാനെന്ന പേരിൽ കട്ടിലിന്റെ അരികിലെത്തി മാല കവരുകയുമായിരുന്നു. എന്നാൽ ഇത് തുളസീധരൻ പിന്നീടാണ് അറിഞ്ഞത്. സംഭവ ദിവസം ചായ കുടിക്കാൻ വന്നവരെ അന്വേഷിച്ചപ്പോൾ ഒരാളെ കണ്ടെത്തി. അയാളുടെ കൈവശം മാല ഇല്ലായിരുന്നു. ഇതോടെ രണ്ടാമത്തെയാളാണ് മോഷണം നടത്തിയതെന്നു വ്യക്തമായി. തുടർന്ന് നൂറനാട് പൊലീസിൽ പരാതി നൽകി.
പൊലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഉത്സവപ്പറമ്പുകൾ കേന്ദ്രീകരിച്ച് ശർക്കരയും ബജിയും വിൽപ്പന നടത്തുന്ന ശിവദാസനാണ് മോഷ്ടാവെന്ന് മനസിലായി. ഈ സമയം വളവനാട്ടെ ക്ഷേത്രത്തിൽ ബജിക്കച്ചവടത്തിന്റെ തിരക്കിലായിരുന്നു ഇയാൾ. ഇവിടെ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഉത്സവപ്പറമ്പുകളിൽ കച്ചവടത്തിനെത്തി തരംകിട്ടിയാൽ മോഷണം നടത്തുന്നയാളാണ് ശിവദാസൻ. നെടുമുടി സ്റ്റേഷനിലും ഇയാളുടെ പേരിൽ മോഷണക്കേസുണ്ട്. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നൂറനാട് സി.ഐ പി. ശ്രീജിത്ത്, എസ്.ഐ നിതീഷ്, മുഹമ്മ സ്റ്റേഷനിലെ വിഷ്ണു, മണ്ണഞ്ചേരി സ്റ്റേഷനിലെ ഷൈജു,
സി.പി.ഒമാരായ വിൻജിത്ത്, ശരത് ബിജു, പ്രവീൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |