മാവേലിക്കര: വൈക്കം സത്യാഗ്രഹം നവോത്ഥാന സമരങ്ങളിലെ വിപ്ലവമായിരുന്നെന്നും വർത്തമാനകാല ഇന്ത്യ വളച്ചൊടിക്കലിന്റെ രാഷ്ട്രീയമാണ് പറയുന്നതെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. വൈക്കം സത്യാഗ്രഹ ശതാബ്ദിയുടെ ഭാഗമായി കോൺഗ്രസ് സംഘടിപ്പിച്ച അയിത്തോച്ചാടന ജ്വാല പദയാത്ര ചെട്ടികുളങ്ങരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈക്കം സത്യാഗ്രഹത്തിന്റെ പാരമ്പര്യം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു. ഇതിനായി ലക്ഷങ്ങൾ ഖജനാവിൽ നിന്നു ധൂർത്തടിക്കുന്നു. ഇടതുപക്ഷത്തിന് സത്യാഗ്രഹ സമരത്തിൽ ഒരു പങ്കുമില്ല. ഇന്ത്യയ്ക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം നൽകിയത് കോൺഗ്രസാണ്. രാജ്യത്തെ ഒന്നാക്കാനാണ് ജോഡോ യാത്ര നടത്തിയത്. ലോകം രാഹുൽ ഗാന്ധിയെ ചർച്ച ചെയ്യുന്നു. രാഹുൽ പറഞ്ഞത് ശരിയാണെന്ന് ഇപ്പോഴത്തെ കാര്യങ്ങൾ വ്യക്തമാക്കുന്നു. രാജ്യത്ത് ഇപ്പോൾ ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. ഇന്ത്യയെയല്ല, ഹിന്ദു മതത്തെയാണ് ബി.ജെ.പി നോക്കുന്നത്. രാഹുൽ ഗാന്ധിയെ തകർക്കാൻ ആർക്കും കഴിയില്ല. മോദിയും രാഹുലും തമ്മിൽ അജഗജാന്തരമുണ്ട്. രാഹുൽ ഗാന്ധിയെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പദയാത്ര ക്യാപ്റ്റൻ അടൂർ പ്രകാശ് എം.പിക്ക് വൈക്കം സത്യാഗ്രഹ നായകൻ ടി.കെ.മാധവന്റെ സ്മൃതി മണ്ഡപത്തിൽ നിന്നു അദ്ദേഹത്തിന്റെ ചെറുമകൾ ഡോ.വിജയ ദീപം കൈമാറി. കെ.പി സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, കെ.പി. ശ്രീകുമാർ എന്നിവരാണ് പദയാത്രയുടെ വൈസ് ക്യാപ്ടൻമാർ. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബാണ് മാനേജർ. ക്ഷേത്ര ജംഗ്ഷനിൽ നടത്തിയ സമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |