തുറവൂർ: കേരളത്തിൽ പശ്ചിമഘട്ട മലനിരകളിൽ മാത്രം കാണപ്പെടുന്ന മഞ്ഞപ്പിടലി മരംകൊത്തി ജില്ലയിൽ വിരുന്നെത്തി. ജില്ലയിലെ പക്ഷി നിരീക്ഷകരുടെ കൂട്ടായ്മയായ ബേർഡേഴ്സ് എഴുപുന്നയിലെ അംഗങ്ങളായ കെ.ആർ. ഹരികൃഷ്ണൻ, ഗണേഷ് മോഹൻ, അമർജ്യോതി എന്നിവർ അടങ്ങുന്ന സംഘമാണ് ചേർത്തല താലൂക്കിലെ തണ്ണീർമുക്കത്ത് നിന്ന് മഞ്ഞപ്പിടലി മരംകൊത്തിയെ കണ്ടെത്തിയത്. ചിത്രം പകർത്തിയതിനൊപ്പം പക്ഷിയുടെ ശബ്ദവും റെക്കാഡ് ചെയ്തു. കഴിഞ്ഞ മാർച്ചിലും പക്ഷിയുടെ ശബ്ദം ഗണേഷ് മോഹൻ റെക്കാഡ് ചെയ്തിരുന്നുവെങ്കിലും ചിത്രങ്ങൾ പകർത്താൻ കഴിഞ്ഞിരുന്നില്ല. പൊതുവേ പശ്ചിമഘട്ട മലനിരകളിൽ കാണപ്പെടുന്ന ഈ പക്ഷികളിൽ ചിലത് ഉഷ്ണകാലത്ത് തീരപ്രദേശങ്ങളിലേക്ക് ദേശാടനം നടത്താറുണ്ട്. എന്നാൽ, വനമില്ലാത്ത ആലപ്പുഴ ജില്ലയിലേക്ക് ഇവ എത്തിയത് പക്ഷി നിരീക്ഷകരിൽ വലിയ ആശ്ചര്യം ഉണ്ടാക്കി.
ജില്ലയിലെ അഞ്ചാമൻ
ഈ കുഞ്ഞൻ പക്ഷിയുടെ വരവോടെ ജില്ലയിൽ കാണപ്പെടുന്ന മരംകൊത്തി വർഗ്ഗങ്ങളുടെ എണ്ണം അഞ്ച് ആയി. നാട്ടിലെ സർവ്വസാധാരണമായ നാട്ടു മരംകൊത്തിയുടെ അതേ വലിപ്പമുള്ള മഞ്ഞപ്പിടലി മരംകൊത്തിയുടെ ശരീരത്തിന്റെ മുകൾ ഭാഗമെല്ലാം ഇരുണ്ട പച്ചനിറമാണ്. അടിവശം ഇളംതവിട്ട് നിറത്തിലും. ഈ ഭാഗത്ത് നിരവധി വെള്ള കുത്തുകളും വലയങ്ങളും കാണാം. ചിറകിലെ വലിയ തൂവലുകളിൽ ചുവപ്പു നിറവും വെള്ളപൊട്ടുകളുമുണ്ട്. ചുവന്ന ഉച്ചിപ്പൂവ്, മഞ്ഞ നിറത്തിലുള്ള പിടലി, കറുത്ത വാൽ എന്നിവയൊക്കെ മഞ്ഞപ്പിടലിയുടെ മരംകൊത്തിയുടെ പ്രത്യേകതയാണ്. ആൺപക്ഷിക്ക് നെറ്റി മുതൽ ഉച്ചിപ്പൂ അടക്കം പിൻകഴുത്ത് വരെ ചുവപ്പ് നിറമാണ്. കവിളിൽ ഒരു ചുവന്ന വര കാണാം. പെൺപക്ഷിക്ക് ഈ വരയില്ല. ഉറുമ്പുകളാണ് മഞ്ഞപ്പിടലി മരംകൊത്തിയുടെ ഇഷ്ടഭക്ഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |