മുഹമ്മ: അമേരിക്കയിലെ അറിയപ്പെടുന്ന ശാസ്ത്രജ്ഞനും സോഫ്റ്റ് വെയർ സ്ഥാപന ഉടമയുമാണ് ഡോ.രാമദാസ്‌പിള്ള. എന്നാൽ, അദ്ദേഹത്തിന്റെ മനസുമുഴുവൻ നാട്ടിലെ കൃഷിയിടമാണ്. മുഹമ്മയിലെ കെ.പി.എം യു.പി സ്കൂളിന് സമീപത്തെ മണക്കാട്ടംപള്ളി തറവാട്ട് വീടിനോട് ചേർന്നുള്ള നാല് ഏക്കറോളം വരുന്ന പുരയിടത്തിൽ സ്വർണമുഖി ഇനത്തിൽപ്പെട്ട ടിഷ്യുകൾച്ചർ നേന്ത്ര വാഴകൾ ഇല വിടർത്തി നിൽക്കുന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സന്തോഷം. ആയിരത്തോളം വരുന്ന വാഴകളെ പരിപാലിക്കാൻ വിദഗ്ദ്ധരായ നാലു തൊഴിലാളികളെയും ഏർപ്പാടാക്കിയിട്ടുണ്ട്.
മികച്ച രോഗപ്രതിരോധ ശേഷിയും ഏത് പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാൻ കഴിവുള്ള സ്വർണമുഖിയുടെ വാഴക്കുലകൾക്ക് 50 കിലോയോളം തൂക്കം വരും. പഴത്തിന് നല്ല രുചിയും മയവും ഉണ്ട്. അതുകൊണ്ടാണ് ഇത്തവണ രാമദാസ്‌പിള്ള വാഴക്കൃഷി തിരഞ്ഞെടുക്കാൻ കാരണം.
അമേരിക്കയിലെയും തിരുവനന്തപുരം ടെക്നോപാർക്കിലെയും സോഫ്റ്റ്‌വെയർ കമ്പനി നടത്തിപ്പിനിടയിലും നാടിനോടും കൃഷിയോടുമുള്ള സ്നേഹം കാത്തുസൂക്ഷിക്കുന്ന രാമദാസ്‌പിള്ളയുടെ നിർദ്ദേശാനുസരണം, സുഹൃത്തുക്കളാണ് നാട്ടിലെ കാര്യങ്ങൾ നോക്കി നടത്തുന്നത്.
ടാങ്കുകളിൽ നാടൻ വരാൽ
വേനൽക്കാലത്ത് അവിടെ സമൃദ്ധമായി വളർന്നിരുന്നത് പച്ചക്കറിയായിരുന്നു.
പയർ, പാവൽ, പടവലം, പൊട്ടുവെള്ളരി, തണ്ണിമത്തൻ എന്നിവയെല്ലാം മികച്ച വിളവാണ് നൽകിയത്. കൂടാതെ, കുളത്തോളം വലിപ്പമുള്ള ബയോ ഫ്ളോക്ക് ടാങ്കുകളിൽ മത്സ്യക്കൃഷിയും ഊർജ്ജിതമായി നടക്കുന്നണ്ട്. സിലോപ്പിയയാണ് ആദ്യം വളർത്തിയിരുന്നത്. അമിത ഉല്പാദനം കാരണം വിറ്റഴിക്കാൻ ബുദ്ധിമുട്ടിയെന്നുമാത്രമല്ല, ന്യായമായ വില ലഭിച്ചതുമില്ല. അതുകൊണ്ട് ഇത്തവണ നാടൻ വരാലാണ് തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |