ആലപ്പുഴ : സൗകര്യങ്ങളുടെ അപര്യാപ്തത, കടന്നുപോകുന്ന ഭൂരിഭാഗം ട്രെയിനുകൾക്കും സ്റ്റോപ്പില്ല.... തുടങ്ങി പരാധീനതകൾക്ക് നടുവിലാണ് അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ. തിരുവനന്തപുരം മുതലുള്ള ഇരട്ടപ്പാത അമ്പലപ്പുഴ വരെ എത്തിനിൽക്കുന്ന സാഹചര്യത്തിൽ ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്ന് യാത്രക്കാർ പറയുന്നു.
കൊവിഡിന് മുമ്പ് ചില ട്രെയിനുകൾക്ക് അമ്പലപ്പുഴയിലുണ്ടായിരുന്ന സ്റ്റോപ്പ് ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,മെഡിക്കൽ കോളേജ്, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് പോകുന്നവർ ആശ്രയിക്കുന്ന പ്രധാന സ്റ്റേഷനാണ് അമ്പലപ്പുഴ. എറണാകുളത്ത് ജോലിക്കും പഠനത്തിനുമായി പോകുന്നവർ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തി രാവിലെ 7.25നുള്ള ആലപ്പുഴ- എറണാകുളം മെമുവിൽ യാത്ര ചെയ്യണം. ഇതിൽ തിങ്ങിനിറഞ്ഞുള്ള യാത്രയാണ് എപ്പോഴും. മെമുവിന് 16 കോച്ചുകൾ അനുവദിക്കുമെന്ന് അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.
മിക്ക ട്രെയിനുകൾക്കും സ്റ്റോപ്പില്ല
തീരദേശപാത വഴി കടന്നുപോകുന്ന 57 ട്രെയിനുകൾ ആലപ്പുഴയിൽ നിറുത്തുമ്പോൾ അമ്പലപ്പുഴയിൽ 25 എണ്ണത്തിന് മാത്രമാണ് സ്റ്റോപ്പ്
കൊവിഡിന് മുമ്പ് ചെന്നൈ എഗ്മോർ- ഗുരുവായൂർ, ഗുരുവായൂർ -ചെന്നൈ എഗ്മോർ ട്രെയിനുകൾക്ക് അമ്പലപ്പുഴയിൽ സ്റ്റോപ്പുണ്ടായിരുന്നു
രാവിലെ എറണാകുളം ഭാഗത്തേക്ക് ജോലിക്ക് പോകേണ്ടവർ ആലപ്പുഴ, കായംകുളം എന്നിവിടങ്ങളിലെത്തിയാണ് യാത്ര ചെയ്യുന്നത്
പുലർച്ചെ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ഏറനാട് മാത്രമാണ് അമ്പലപ്പുഴയിൽ നിറുത്തത്.
ദേശീയപാതയുടെ ജോലികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ട്രെയിൻ യാത്രികരുടെ എണ്ണവും വർദ്ധിച്ചു
അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ശോചനീയാവസ്ഥ പരിഹരിക്കാൻ റെയിൽവേ അധികൃതർ തയ്യാറാകണം. ഒപ്പം വീക്കിലി /ബൈവീക്കിലി ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പെങ്കിലും പരിഗണിക്കുന്നതിന് ഡിവിഷൻ അധികൃതർ തയ്യറാകണം
- പി.എം. നൗഷിൽ , ജില്ലാ സെക്രട്ടറി, ഫ്രണ്ട്സ് ഓൺ റെയിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |