ആലപ്പുഴ : ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.എം.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സീറോ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് ഡി.എം.ഒ ഓഫീസ് കവാടത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി. പ്രവീണിനെ പൊലീസ് മർദ്ദിച്ചതായും പരാതിയുണ്ട്. പൊലീസ് അകാരണമായി വയറ്റിൽ തൊഴിക്കുകയായിരുന്നുവെന്നും ഇതിനെതിരെ പൊലീസ് കംപ്ലെയിന്റ് അതോറിട്ടിക്ക് പരാതി നൽകുമെന്നും പ്രവീൺ പറഞ്ഞു.
കൈക്ക് പൊട്ടലേറ്റ അമ്പലപ്പുഴ ബ്ലോക്ക് വൈസ് പ്രസിഡന്റ് നൂറുദ്ദീൻ കോയ ആശുപത്രിയിൽ ചികിത്സ തേടി. മർദ്ദനത്തിനെതിരെ പ്രവർത്തകർ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ബിന്ദുവിനെ കൊന്ന കേസിൽ പ്രതിയാക്കേണ്ട ആളാണ് വീണാ ജോർജ്: കെ. മുരളീധരൻ
ബിന്ദു എന്ന വീട്ടമ്മയെ കൊന്ന കേസിൽ പ്രതിയാക്കേണ്ട ആളാണ് ആരോഗ്യ മന്ത്രി വീണ ജോർജെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആലപ്പുഴ ഡി.എം.ഒ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു നാണവും മാനവും കൂടാതെ പ്രവർത്തിക്കുകയും ജനപ്രതിനിധികളെ ധിക്കരിക്കുകയും ചെയ്യുന്ന മന്ത്രി നാടിന് അപമാനമാണ്. ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലില്ല.
ജനാധിപത്യത്തോട് അല്പമെങ്കിലും ബഹുമാനം ഉണ്ടെങ്കിൽ ആരോഗ്യ മന്ത്രി രാജി വയ്ക്കണണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഡോ. എം.പി. പ്രവീൺ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |