ആലപ്പുഴ: രണ്ടാംകൃഷിയിൽ ഞാറുവളർന്ന കുട്ടനാട്ടിലെ പാടങ്ങളിൽ കർഷകരെ കഷ്ടത്തിലാക്കി കരിഞ്ചാഴി ശല്യം. പുന്നപ്ര, നെടുമുടി, കൈനകരി, ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ പാടശേഖരങ്ങളിലാണ് കരിഞ്ചാഴിയുടെ (ബ്ലാക്ക് ബഗ്) സാന്നിധ്യം കണ്ടെത്തിയത്. വിതച്ച് 25 ദിവസം വരെയായ പാടങ്ങളിലാണ് ചെടികളുടെ നീരൂറ്റിക്കുടിക്കുന്ന കീട സാന്നിദ്ധ്യമുള്ളത്. കൃഷി നാശമുണ്ടാക്കുന്ന ഇവക്കെതിരെ ജാഗ്രതവേണമെന്ന് കീടനിരീക്ഷണ കേന്ദ്രം പ്രൊജക്ട് ഡയറക്ടർ അറിയിച്ചു.
വെള്ളം കയറ്റിയിട്ടിരിക്കുന്ന നിലങ്ങളിൽ ഇലകളിലാണ് ഇത്തരം ചാഴികൾ പറ്റിയിരിക്കുക. അല്ലെങ്കിൽ മണ്ണിലും ചെടികളുടെ
ചുവടുഭാഗത്തുമായിരിക്കും കീടസാന്നിദ്ധ്യം. നീരൂറ്റിക്കുടിക്കുന്ന ഈ കീടം വദനഭാഗത്ത് ഇരവശങ്ങളിലായുള്ള മുള്ളുകൾ കൊണ്ട് ഇലകളിലും നടുനാമ്പിലും മുറിവുകൾ ഉണ്ടാക്കുകയും ഇതോടെ ഈ ഭാഗത്തുവച്ച് ഇലകൾ മുറിയുകയോ, നടുനാമ്പ് വാടുകയോ ചെയ്യും. കരിഞ്ചാഴി ഉണ്ടാക്കുന്ന മുറിവിലൂടെ ഇലകരിച്ചിലിന് കാരണമായ ബാക്ടീരിയയുടെ വ്യാപനം ഉണ്ടാകാനും സാദ്ധ്യതയുണ്ട്. ആക്രമണം രൂക്ഷമായാൽ ചെടികളിൽ വളർച്ച മുരടിപ്പ്, മഞ്ഞളിപ്പ്, നടുനാമ്പു വാട്ടം എന്നീ ലക്ഷണങ്ങൾ ഉണ്ടാകാം.
ചുവട് മുങ്ങും വിധം വെള്ളം കയറ്റിയിട്ടാൽ ചാഴികൾ മുകളിലേയ്ക്ക് കയറും. ഇതുവഴി ചുവട്ടിൽ നിന്ന് നീരൂറ്റിക്കുടിക്കുന്നത് ഒഴിവാക്കാം. മാത്രമല്ല, വെള്ളംകയറി ആറ് മണിക്കൂറിൽ കൂടുതൽ ഇലകൾ മുങ്ങിക്കിടന്നാൽ മുട്ടക്കൂട്ടങ്ങൾ നശിക്കും. നെൽചെടിയുടെ മുകളിലേയ്ക്കു കയറുന്ന ചാഴികളെ പക്ഷികളും മറ്റും ആഹാരമാക്കും.തറവണ്ടുകൾ, ആമവണ്ടുകൾ എന്നിവ മുട്ട തിന്ന് നശിപ്പിക്കും. ജൈവകൃഷി രീതികൾ അനുവർത്തിക്കുന്ന കൃഷിയിടങ്ങളിൽ അസാഡിറക്ടിന്‍ 1 500 പി.പി.എം ഏക്കറിന് ഒരു ലിറ്റർ എന്ന തോതിൽ തളിക്കാം. മെറ്റാറൈസിയം,ബെവേറിയ, മിത്രനിമാവിരകൾ എന്നിവ പ്രയോഗിച്ചും കീടസംഖ്യ നിയന്ത്രണ വിധേയമാക്കാം.
മഴയിലും കനത്ത ആശങ്ക
1.ഇടതടവില്ലാതെ പെയ്യുന്ന മഴയിൽ വിത അഴുകുമോയെന്ന ആശങ്കയിലാണ് കുട്ടനാട്ടിലെ കർഷകർ.പതിവിലും നേരത്തെ എത്തിയ കാലവർഷം കാരണം ജൂണിൽ പൂർത്തിയാക്കാൻ കഴിയാത്ത വിതയ്ക്കാണ് മഴ ഭീഷണിയായി തുടരുന്നത്
2.പുഞ്ചക്കൃഷി നടത്തേണ്ട പാടങ്ങളിലാണ് രണ്ടാം കൃഷിയുടെ വിത ആരംഭിച്ചത്. വിത മുളപൊട്ടി നെല്ലിന്റെ വേര് മണ്ണിലുറച്ച് അൽപ്പം വളരും വരെ ശക്തമായ മഴയോ വെള്ളക്കെട്ടോ ഉണ്ടാകാൻ പാടില്ല
3.അമിതമായി മഴപെയ്താൽ നെൽ വിത്ത് ചീഞ്ഞളിഞ്ഞുപോകും.പാടത്തെ വെള്ളക്കെട്ടിൽ ഇരണ്ടകളുൾപ്പെടെയുള്ള പക്ഷികൾ കൂട്ടത്തോടെയെത്തുന്നതും വിത നശിക്കാൻ ഇടയാക്കും
4.ഈമാസം അവസാനമെങ്കിലും വിത പൂർത്തിയാക്കിയാലേ 120 ദിവസം കൊണ്ട് മൂപ്പെത്തുന്ന ഡി.1 (ഉമ)കൊയ്തശേഷം പുഞ്ചയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കാനാകൂ. രണ്ടാം കൃഷി വൈകുന്നത് പുഞ്ച കൃഷിയെ ബാധിക്കും
കീടനാശിനി പ്രയോഗം
അറിയാൻ വിളിക്കാം :
നെടുമുടി: 8547865338
പുന്നപ്ര : 9074306585
കൈനകരി: 9961392082
ചമ്പക്കുളം: 9567819958.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |