ചെന്നിത്തല: ശക്തമായ മഴയിൽ തകർന്നു വീണ ചെന്നിത്തല പഞ്ചായത്ത് വെട്ടത്തുവിള എൽ.പി സ്കൂളിന്റെ മതിൽ പുനർനിർമ്മിക്കുന്നതിന് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കാൻ ചെന്നിത്തല പഞ്ചായത്ത് കമ്മിറ്റിയുടെ അടിയന്തര യോഗം തീരുമാനിച്ചു. തകർന്ന മതിലിന്റെ സ്ഥാനത്ത് താൽക്കാലികമായി സംരക്ഷണം ഒരുക്കും. പഞ്ചായത്ത് എ.ഇ യുടെ നേതൃത്വത്തിൽ ഇന്നലെ സ്കൂളും പരിസരവും പരിശോധന നടത്തി. വാട്ടർ ടാങ്ക് സ്ഥാപിച്ചിരിക്കുന്ന സ്റ്റാന്റ് പെയിന്റ് ചെയ്യുവാനും മേൽമൂടി അപകടാവസ്ഥയിലായ സ്കൂൾ മുറ്റത്തെ കിണർ ഉടൻ തന്നെ മൂടുന്നതിനും തീരുമാനം കൈക്കൊണ്ടു. സ്കൂളിൽ രണ്ട് കിണറുകളാണ് ഉള്ളതെന്നും മേൽമൂടി തകർന്ന കിണർ ഉപയോഗശൂന്യമായതിനാൽ അത് മൂടുന്നതിന് നേരത്തേ തീരുമാനിച്ചിരുന്നതാണെന്നും വാർഡംഗം ജി.ജയദേവ് പറഞ്ഞു. ചെന്നിത്തല പഞ്ചായത്ത് വെട്ടത്തുവിള എൽ.പി സ്കൂളിന്റെ മുറ്റത്തെ മേൽ മൂടി തകർന്ന കിണറിന്റെയും വാട്ടർ ടാങ്ക് സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് സ്റ്റാന്റിന്റെയും അപകടാവസ്ഥ കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കിണറും സ്റ്റാന്റും എ.ഇ പരിശോധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |