ആലപ്പുഴ: വാട്ടർ അതോറിട്ടിയുടെ പമ്പ് ഹൗസ്, വാട്ടർ ട്രീറ്റ്‌മെന്റ് പ്ളാന്റ് , ഓവർ ഹെഡ് ടാങ്കുകൾ എന്നിവയ്ക്ക് ഇനി ക്യാമറ കാവൽ. തുടക്കമെന്ന നിലയിൽ സംസ്ഥാനത്തെ 50 ഓളം പ്ളാന്റുകളിൽ ക്യാമറകൾ സ്ഥാപിച്ചു. വാട്ടർ അതോറിട്ടിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഘട്ടംഘട്ടമായി പ്രധാന പ്ളാന്റുകളും പമ്പ് ഹൗസുകളും ടാങ്കുകളും ക്യാമറ കാവലിലാക്കാനാണ് നീക്കം.
സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിലെ സാമ്പത്തിക ബാദ്ധ്യത പരിഗണിക്കുമ്പോൾ ക്യാമറകൾ സ്ഥാപിക്കുന്നത് വാട്ടർ അതോറിട്ടിക്ക് നഷ്ടമുണ്ടാക്കില്ലെന്നാണ് നിഗമനം. നിരീക്ഷണം ആവശ്യമായ പ്ലാന്റുകളുടെയും ടാങ്കുകളുടെയും പട്ടിക ജില്ലാമേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ടെണ്ടറുർ ക്ഷണിച്ച് പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
പമ്പ് ഹൗസുകളും നിരീക്ഷണത്തിലാക്കും
ജലവിതരണ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പുറത്തുനിന്നുള്ളവർ ഇവിടേക്ക് അതിക്രമിച്ച് കടക്കുന്നത് തടയുകയുമാണ് ലക്ഷ്യം
മാസങ്ങൾക്ക് മുമ്പ് ചേർത്തല പള്ളിപ്പുറത്ത് വാട്ടർ അതോറിട്ടിയുടെ ഓവർ ഹെഡ് ടാങ്കിൽ യുവാക്കൾ അതിക്രമിച്ച് കയറിയിരുന്നു
ഈ സംഭവത്തോടെ , ക്യാമറകൾ സ്ഥാപിക്കാനുള്ള വാട്ടർ അതോറിട്ടിയുടെ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു
വാട്ടർ ട്രീറ്റ് മെന്റ് പ്ളാന്റുകളും പ്രധാന പമ്പ് ഹൗസുകളും ഓവർ ഹെഡ് ടാങ്കുകളും ഘട്ടം ഘട്ടമായി ക്യാമറയുടെ കാവലിലാക്കും
വാട്ടർ ട്രീറ്റ്മെന്റ് പ്ളാന്റുകൾ....................261
ഓവർ ഹെഡ് ടാങ്കുകൾ.......................1000
പമ്പ് ഹൗസുകൾ....................................970
സുരക്ഷാ നടപടികൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ക്യാമറ നിരീക്ഷണം. നിലവിൽ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ സ്ഥലങ്ങളും ക്യാമറ നിരീക്ഷണത്തിലാക്കാനാണ് തീരുമാനം.
- പ്രോജക്ട് ആന്റ് ഓപ്പറേഷൻ വിഭാഗം, വാട്ടർ അതോറിട്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |