ആലപ്പുഴ: പെൺകുട്ടികൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ സംസാരിച്ച 'ജാഗരൂക' ഹൈസ്കൂൾ വിഭാഗത്തിലെ മികച്ച നാടകമായി. എ.എസ്.പ്രിയയുടെ ജാഗരൂകയെന്ന ചെറുകഥയെ ആസ്പദമാക്കി നൂറനാട് പടനിലം എച്ച്.എസ്.എസാണ് നാടകം അവതരിപ്പിച്ചത്. പെൺകുട്ടികൾ നേരിടുന്ന അതിക്രമങ്ങളെ പ്രതിരേധിക്കാൻ 13 വയസുകാരിയെ പ്രാപ്തയാക്കുന്നതാണ് നാടകം.
മുംബയിൽ വളർന്ന കുട്ടി അവധിക്കാലത്തു നാട്ടിൽ വന്നപ്പോൾ മുത്തശി നിയന്ത്രിക്കുന്നതും അതിനു പിന്നിലെ കാരണവുമാണു നാടകം പ്രമേയമാക്കിയത്. മുത്തശിയെ അവതരിപ്പിച്ച 9-ാം ക്ലാസ് വിദ്യാർത്ഥി അക്ഷര പ്രദീപ് മികച്ച നടിയായി. 2023ലും അക്ഷര ജില്ലാ കലോത്സവത്തിൽ മികച്ച നടിയായിരുന്നു. ഭിന്നശേഷിക്കാരനായ യാസീൻ ഹൈസ്കൂൾ വിഭാഗം നാടകത്തിൽ മികച്ച നടനായി. തല്ല് എന്ന നാടകത്തിൽ മ്യാവസൻ എന്ന പൂച്ചയെയാണ് മുഹമ്മദ് യാസീൻ അവതരിപ്പിച്ചത്. നാടകത്തിന് എ ഗ്രേഡ് ലഭിച്ചു. പ്രയാർ ആർ.വി.എസ്.എം എച്ച്.എസ്.എസിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് യാസീൻ. സബ്‌ജില്ലയിലും മികച്ച നടനായിരുന്നു.
അഭിനേതാക്കൾ മികച്ച നിലവാരം പുലർത്തിയെന്നും പശ്ചാത്തല സംഗീതത്തിന്റെ ആധിക്യം കുറയ്ക്കണമെന്നും വിധികർത്താക്കൾ വിലയിരുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |