
കൊച്ചി: പുതുവത്സരം ആഘോഷമാക്കാൻ രണ്ടുകോടിരൂപയുടെ ഹാഷിഷ് ഓയിൽ കടത്താൻ കൊച്ചിയിലെ ലഹരിസംഘം ടോക്കൺ ഇനത്തിൽ മുൻകൂർ നൽകിയത് ഒന്നരലക്ഷംരൂപ. സുരക്ഷിതമായി ലഹരി കൊച്ചിയിലെത്തിയാൽ ബാക്കിതുക ഉടൻ ഗൂഗിൾപേ ചെയ്യുമെന്ന ഉറപ്പുംനൽകിയിരുന്നു. ഞായറാഴ്ച രാത്രി 2.152കിലോ ഹാഷിഷ് ഓയിലുമായി എക്സൈസ് അറസ്റ്റ് ചെയ്ത പ്രതികളുടെ പ്രാഥമിക ചോദ്യംചെയ്യലിലാണ് സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ എക്സൈസിന് ലഭിച്ചത്.
പ്രതികളായ പള്ളുരുത്തി പെരുമ്പടപ്പ് പട്ടത്തിൽ വീട്ടിൽ ശ്രീരാജ് (28), പെരുമ്പടപ്പ് കോലോത്തുംവീട്ടിൽ അശ്വിൻ ജോയി (38), ഒഡീഷ കൊരാപ്പുട്ട് കൊളാബ് സ്വദേശി സുനമണി (50), കൊരാപ്പുട്ട് ഭൈരവസിംഗ്പൂര് സ്വദേശി സമരമുദിലി (32) എന്നിവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ലഹരികടത്തുമായി ബന്ധപ്പെട്ട് കൊച്ചി സ്വദേശികളായ കൂടുതൽ മലയാളികളെക്കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
ഞായറാഴ്ച രാത്രി തേവര കോന്തുരുത്തി കനാൽറോഡിലെ ലോഡ്ജ് പരിസരത്ത് നിന്നാണ് രണ്ടുകിലോ ഹാഷിഷ് ഓയിലുമായി പ്രതികൾ പിടിയിലായത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഹാഷിഷുമായി വന്നിറങ്ങിയ സുനമണിയും സമരമുദിലിയും തേവര സ്വദേശികൾക്ക് കൈമാറാൻ ഓട്ടോയിലാണ് ഇവിടെയെത്തിയത്. നാലുപേരെയും സംഭവസ്ഥലത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. ശ്രീരാജിന്റെ സ്കൂട്ടറും പ്രതികളുടെ മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
വിശാഖപട്ടണത്ത് നിന്നാണ് സുനമണിയും സമരമുദിലിയും എറണാകുളത്തേക്ക് ട്രെയിനിൽ പുറപ്പെട്ടത്. ഇരുവരും ഒഡീഷയിൽ ഒരേ ജില്ലയിൽപ്പെട്ടവരാണ്. കൊച്ചിയിലെ ഇടപാടുകാരുമായി ചേർന്ന് മുമ്പും കേരളത്തിലേക്ക് ലഹരി കടത്തിയിട്ടുണ്ടെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. ആന്ധ്രയിൽ വാറ്റിയെടുത്തതാണ് ഹാഷിഷ് ഓയിലെന്നും സൂചനയുണ്ട്. അശ്വിൻ ജോയിയുടെ ഫോണിൽ നിന്നാണ് ലഹരിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടന്നതിനുള്ള തെളിവുകൾ എക്സൈസിന് ലഭിച്ചത്.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിട്ടുള്ള നിരീക്ഷണത്തെ തുടർന്നാണ് പ്രതികൾ പിടിയിലായതെന്ന് എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ജി. കൃഷ്ണകുമാർ അറിയിച്ചു. എറണാകുളം എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദ് ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |