
ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്നും 16.6 ലക്ഷം തട്ടിയ സംഘത്തിലെ ഒരാളെക്കൂടി സൈബർ പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് കൂടത്തായി സ്വദേശി യദുകൃഷ്ണൻ (26) ആണ് അറസ്റ്റിലായത്. ഇയാളെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
പരാതിക്കാരനിൽ നിന്നും ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുവാങ്ങി ചെക്കു വഴി പിൻവലിച്ചയാളാണ് യദുകൃഷ്ണൻ.
സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ടായിരുന്നു തട്ടിപ്പ്. രണ്ടു മാസത്തിനിടയിൽ 16.6 ലക്ഷം രൂപയാണ് പരാതിക്കാരൻ അയച്ചുകൊടുത്തത്. വ്യാജ ആപ്ലിക്കേഷനിൽ ലാഭം സഹിതം പ്രദർശിപ്പിച്ചു. പണം പിൻവലിക്കാൻ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടർന്നാണ് പരാതി നൽകിയത്.
സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി. ജോർജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.ഐ ആതിര ഉണ്ണികൃഷ്ണൻ, എ.എസ്.ഐ സജി ജോസ്, സി.പി.ഒ ജേക്കബ് സേവ്യർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചെക്കു വഴി പിൻവലിച്ച പണം കോഴിക്കോട് സ്വദേശിയായ സുഹൃത്തിനു കൈമാറിയതായി പ്രതി പൊലീസിനോട് പറഞ്ഞു. ഈ
കേസിൽ മറ്റൊരു പ്രതിയും മുൻപ് അറസ്റ്റിലായിരുന്നു. പരാതിക്കാരന് നഷ്ടമായതിൽ 4.5 ലക്ഷം രൂപ പോയ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി മരവിപ്പിക്കാൻ സൈബർ പൊലീസിനായി. ഇതു തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |