കൊല്ലം: ജില്ലാ പഞ്ചായത്ത് അഞ്ചൽ ഡിവിഷനിൽ അതി തീവ്ര മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. അഞ്ചൽ തങ്ങളുടെ ഉറച്ച കോട്ടയാണെന്ന് ഇടതുപക്ഷം ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ, കോട്ട ഇളകുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മറുപക്ഷ മുന്നണികൾ വെല്ലുവിളി ഉയർത്തുന്നത്.
ഏറെക്കാലത്തെ സംവരണത്തിന് ശേഷം ജനറലായി മാറിയ ഡിവിഷനിൽ യു.ഡി.എഫിലെ സീറ്റ് തർക്കം രൂക്ഷമായിരുന്നു. മുസ്ളീം ലീഗിനാണ് സീറ്റ് നൽകാൻ തീരുമാനിച്ചിരുന്നതെങ്കിലും കോൺഗ്രസ് മുൻ ബ്ളോക്ക് പ്രസിഡന്റും മുൻ പഞ്ചായത്ത് അംഗവുമായ പി.ബി.വേണുഗോപാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പ്രചാരണം തുടങ്ങി. കഴിഞ്ഞ ഞായറാഴ്ച കൊല്ലത്തെത്തിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഘടക കക്ഷികളുടെ സീറ്റുകളിൽ കോൺഗ്രസുകാർ മത്സരിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയതോടെയാണ് ഇന്നലെ പി.ബി.വേണുഗോപാൽ പത്രിക പിൻവലിച്ചത്. മുസ്ളീം ലീഗ് പുനലൂർ നിയോജക മണ്ഡലം വർക്കിംഗ് പ്രസിഡന്റ് അഞ്ചൽ ബദറുദ്ദീനാണ് ഇപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി. ഭരണ പരിചയത്തിന്റെ പിൻബലമുള്ള, സി.പി.എമ്മിലെ ടി.അജയൻ എൽ.ഡി.എഫിന് വേണ്ടിയും ബി.ജെ.പി മേഖല സെക്രട്ടറിയും മുഴുവൻ സമയ പൊതുപ്രവർത്തകനുമായ വടമൺ ബിജു എൻ.ഡി.എയ്ക്ക് വേണ്ടിയും കളത്തിലുണ്ട്.
അലയമൺ ഗ്രാമപഞ്ചായത്ത് പൂർണമായും അഞ്ചൽ പഞ്ചായത്തിലെ 12 വാർഡുകളും ഏരൂർ പഞ്ചായത്തിലെ 17 വാർഡുകളും ഇടമുളയ്ക്കൽ പഞ്ചായത്തിലെ 9 വാർഡുകളും ചേരുന്നതാണ് അഞ്ചൽ ഡിവിഷൻ.
ടി.അജയൻ
1995, 2005, 2010 തിരഞ്ഞെടുപ്പുകളിൽ ഏരൂർ ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ടി.അജയൻ സി.പി.എം അഞ്ചൽ ഏരിയ കമ്മിറ്റി അംഗമാണ്. 5 വർഷം പഞ്ചായത്ത് വൈസ് പ്രസിഡന്റും രണ്ടര വർഷം പ്രസിഡന്റുമായി. സി.ഐ.ടി.യു സംസ്ഥാന ഭാരവാഹി, ആർ.പി.എൽ, ഓയിൽപാം എസ്റ്റേറ്റുകളിലെ സി.ഐ.ടി.യു സെക്രട്ടറി, പ്ളാന്റേഷൻ ഫെഡറേഷൻ അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭാര്യ: സുവർണ കുമാരി (ഏരൂർ സഹകരണ ബാങ്ക് ജീവനക്കാരി). വിലാസം: പ്ളാവിള കിഴക്കതിൽ, ആർച്ചൽ, അഞ്ചൽ.
അഞ്ചൽ ബദറുദ്ദീൻ
നാല് പതിറ്റാണ്ടായി പൊതുപ്രവർത്തന രംഗത്തുള്ള അഞ്ചൽ ബദറുദ്ദീൻ മുസ്ളീംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്, യു.ഡി.എഫ് അഞ്ചൽ മണ്ഡലം കൺവീനർ, അഞ്ചൽ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ഐ.യു.എം.എൽ മുൻ സംസ്ഥാന കൗൺസിൽ മെമ്പർ, സമസ്ത മഹല്ല് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. യൂത്ത് ലീഗ് മുൻ ജില്ലാ പ്രസിഡന്റാണ്. ഭാര്യ: ബി.സജില. വിലാസം: മംഗലത്ത് വീട്, അഞ്ചൽ.
വടമൺ ബിജു
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് വടമൺ ബിജു(48) പൊതുപ്രവർത്തന രംഗത്ത് സജീവമായത്. യുവമോർച്ച ജില്ലാ സെക്രട്ടറിയും ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിയും കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറിയുമായി ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തി. ബി.ജെ.പി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട മേഖലാ സെക്രട്ടറിയാണിപ്പോൾ. 2010ൽ ജില്ലാ പഞ്ചായത്ത് കരവാളൂർ ഡിവിഷനിൽ മത്സരിച്ചു. രണ്ട് തവണ വടമൺ വാർഡിലും മത്സരിച്ചു. വിവിധ ജില്ലകളിൽ തിരഞ്ഞെടുപ്പുകളുടെ സംഘടനാ ചുമതലകൾ വഹിച്ചു. ഭാര്യ: സിനിമോൾ. വിലാസം: പത്തിലഴികത്ത് വീട്, വടമൺ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |