കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് രണ്ടാഴ്ച ശേഷിക്കേ പഞ്ചായത്ത് വാർഡ് തല കൺവൻഷനുകളുടെ തിരക്കിലാണ് സ്ഥാനാർത്ഥികളും മുന്നണികളും. ആദ്യ റൗണ്ട് പ്രചാരണം പൂർത്തിയാകുമ്പോൾ കൂടുതൽ സീറ്റുകൾ പിടിയ്ക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. സർക്കാർ വിരുദ്ധതയും ശബരിമലയും വൻ വിജയം നൽകുമെന്ന വിശ്വാസത്തിലാണ് യു.ഡിഎഫ്. കേന്ദ്രസർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ശബരിമലയും ക്രൈസ്തവ വോട്ടർമാരിൽ വന്ന മാറ്റവും നില മെച്ചപ്പെടുത്തുമെന്ന് എൻ.ഡിഎയും കണക്കുകൂട്ടുന്നു.
യു.ഡി.എഫിനായി നേതാക്കളുടെ പട
ജില്ലയിൽ പ്രചാരണത്തിനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അരഡസനോളം പൊതുയോഗങ്ങളിൽ പങ്കെടുത്തു. ഡിസംബർ മൂന്നിന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ആറിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും പ്രചാരണത്തിന് ജില്ലയിൽ എത്തുന്നുണ്ട്.
പ്രചാരണനേതൃത്വം മന്ത്രി വാസവന്
എൽ.ഡി.എഫ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് മന്ത്രി വി.എൻ വാസവനാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികൾ സാധാരണക്കാർക്കിടയിൽ നേട്ടമാകുമെന്നും സ്വർണപാളി വിവാദം വോട്ടർമാരെ സ്വാധീനിച്ചിട്ടില്ലെന്നുമുള്ള വിലയിരുത്തലാണ് ജില്ലാ കമ്മറ്റിയിൽ നേതാക്കൾ നൽകിയത്.
എൻ.ഡി.എയും പ്രതീക്ഷയിൽ
ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും നില മെച്ചപ്പെടുത്തുമെന്നും കൂടുതൽ പഞ്ചായത്തുകളിൽ ഭരണം പിടിച്ചെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ നേതൃത്വം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് പുറമേ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവരും പ്രചാരണത്തിനെത്തും.
ജില്ലയിൽ ഇത്തവണ ഇടതുമുന്നണിക്ക് കൂടുതൽ സീറ്റുകൾ ലഭിക്കും. നഗരസഭകളിലും മുന്നേറ്റമുണ്ടാക്കും.
പ്രൊ.ലോപ്പസ് മാത്യൂ( ഇടതു മുന്നണി ജില്ലാകൺവീനർ)
ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ ഇടതുമുന്നണിയിൽ നിന്ന് യു.ഡി.എഫ് തിരിച്ചുപിടിക്കും. ഭരണവിരുദ്ധവികാരം അത്രക്ക് ശക്തമാണ്.
ഫിൽസൺ മാത്യൂ (യു.ഡി.എഫ് ജില്ലാ കൺവീനർ)
എൻ.ഡിഎയ്ക്ക് പല തദ്ദേശ സ്ഥാപനങ്ങളിലും അപ്രതീക്ഷിത വിജയമുണ്ടാകും.
ലിജിൻ ലാൽ (ബി.ജെ.പി വെസ്റ്റ് പ്രസിഡന്റ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |