ആലപ്പുഴ : പുഞ്ചകൃഷിയിൽ ഒന്നാംവള പ്രയോഗത്തിന് സമയമായിരിക്കെ കുട്ടനാട്ടിൽ യൂറിയ കിട്ടാനില്ല. 15 മുതൽ 20വരെ ദിവസം വളർച്ചയെത്തുമ്പോഴാണ് നെൽച്ചെടികൾക്ക് ഒന്നാംവളം പ്രയോഗിക്കേണ്ടത്. വളർച്ചയെ കാര്യമായി സ്വാധീനിക്കുന്ന ഒന്നാംവള പ്രയോഗം വൈകിയാൽ അത് ചെടികൾ മുരടിക്കുന്നതിനൊപ്പം വിളവിനെയും ബാധിക്കും.
കുട്ടനാട്ടിലെ കർഷകർ പ്രധാനമായും സഹകരണസംഘങ്ങളെയാണ് വളത്തിനായി ആശ്രയിക്കുന്നത്. എന്നാൽ,സഹകരണസംഘങ്ങൾ യൂറിയക്ക് ഓർഡർ നൽകിയെങ്കിലും ലഭിച്ചിട്ടില്ല. ഡിസംബർ 10നും 15നും ഇടയ്ക്ക് യൂറിയ എത്തിച്ചേരുമെന്നാണ് കൃഷിവകുപ്പ് സഹകരണസംഘങ്ങൾക്ക് ഇപ്പോൾ നൽകിയിരിക്കുന്ന അറിയിപ്പ്. അപ്പോഴേക്കും വളപ്രയോഗത്തിന്റെ സമയം കഴിയുമെന്ന ആശങ്കയാണ് കർഷകർക്കുള്ളത്. സബ്സിഡിയുള്ള യൂറിയ, പൊട്ടാഷ്, ഫാക്ടംഫോസ് എന്നീ വളങ്ങളാണ് കുട്ടനാട്ടിലെ നെൽകർഷകർ പ്രധാനമായും ഉപയോഗിക്കുന്നത്.
സർക്കാർ സബ്സിഡിയിൽ വളങ്ങൾ ലഭിക്കണമെങ്കിൽ കർഷകർ ആധാർ കാർഡുമായെത്തി പി.ഒ.എസ് മെഷീനിൽ വിരലടയാളം പതിക്കേണ്ടതുണ്ട്. എന്നാൽ പലരും ആധാർരേഖകളിലല്ാതെയും പി.ഒ.എസ് മെഷീനിൽ കൈവിരൽ രേഖ പതിപ്പിക്കാതെയുമാണ് വളം വാങ്ങുന്നത്. ഇതുമൂലം സർക്കാർ കണക്കിൽ ഓരോ സംഘങ്ങളിലും ആവശ്യത്തിന് സ്റ്റോക്ക് ഉള്ളതായി കണക്കാക്കി അടുത്ത സീസണിലേക്കുള്ള വളത്തിന്റെ ക്വാട്ടയിൽ കുറവു വരുത്തും. ഇതാണ് സംഘങ്ങളിൽ യൂറിയയുടെ സ്റ്റോക്ക് ഇല്ലാതാകാൻ കാരണം.
വില കൂട്ടും, മറ്റ് ഉത്പന്നങ്ങൾ അടിച്ചേല്പിക്കും
1. യൂറിയ ക്ഷാമം മുതലെടുത്ത് സ്വകാര്യ കച്ചവടക്കാർ വില ഉയർത്തിയിട്ടുണ്ട്. 45 കി.ഗ്രാം വരുന്ന ഒരു ചാക്ക് യൂറിയയ്ക്ക് സബ്സിഡി നിരക്കിൽ 266 രൂപയാണ് വില
2. സ്വകാര്യ കച്ചവടക്കാർ ഇതിന് 300രൂപ ഈടാക്കുന്നതിന് പുറമെ 500 മുതൽ 800 രൂപ വരെ വില വരുന്ന മൈക്രോഫുഡുകൾ വാങ്ങാൻ നിർബന്ധിക്കുകയും ചെയ്യും.
3. തങ്ങളുടെ കൃഷിയിടത്തിൽ ആവശ്യമില്ലാത്ത മറ്റു വളങ്ങളും ഉൽപന്നങ്ങളും വാങ്ങിയാൽ മാത്രമേ യൂറിയ ഉൾപ്പെടെയുള്ള വളങ്ങൾ ലഭിക്കുകയുള്ളൂ
4. രണ്ടര ഏക്കറോളം വരുന്ന ഒരു ഹെക്ടർ സ്ഥലത്തിന് നിലവിലെ കണക്കനുസരിച്ച് കുറഞ്ഞത് ഒരു ചാക്ക് യൂറിയ ആവശ്യമാണ്
ഒരു ചാക്ക് യൂറിയയുടെ സബ്സിഡി വില
₹266
വേണ്ടത് 600 ടൺ
സപ്ലൈകോ പാഡി രജിസ്ട്രേഷൻ വിഭാഗത്തിലെ കണക്കനുസരിച്ച് കുട്ടനാട്ടിൽ 28,000 ഹെക്ടർ സ്ഥലത്താണ് പുഞ്ചകൃഷിയുള്ളത്. വിവിധ സഹകരണസംഘങ്ങളിലെ കണക്ക് പ്രകാരം നിലവിൽ 600 ടൺ യൂറിയ കർഷകർക്ക് ആവശ്യമുണ്ട്
യൂറിയയുടെ ലഭ്യത ഉറപ്പുവരുത്തണം.യൂറിയ ആവശ്യപ്പെടുമ്പോൾ, അനുബന്ധമായി വിലകൂടിയ മറ്റു ഉൽപ്പന്നങ്ങൾ കൂടി എടുക്കാൻ കർഷകരെ വിതരണക്കാർ നിർബന്ധിക്കുന്നു. പല സ്ഥലത്തും വിലയുടെ കാര്യത്തിലും വ്യത്യാസമുണ്ട്. കൃഷി വകുപ്പും സംസ്ഥാന സർക്കാരും വിഷയത്തിൽ ഇടപെടണം
- നെൽ കർഷക സംരക്ഷണ സമിതി
യൂറിയ ക്ഷാമം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടുത്തയാഴ്ചയോടെ വിതരണം ചെയ്യാനാകുമെന്നാണ് കരുതുന്നത്
-- അസി. ഡയറക്ടർ, കൃഷി വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |