
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് കക്കൂസ്
മാലിന്യ ടാങ്ക് പൊട്ടി ഒഴുകുന്നത് രോഗികൾക്ക് ദുരിതമാകുന്നു. കുട്ടികളുടെ വാർഡിന് സമീപത്താണ് മാലിന്യം ഒഴുകുന്നത്. ദുർഗന്ധം കാരണം
കുട്ടികളും രക്ഷിതാക്കളും ആശുപത്രിയിൽ മൂക്കുപൊത്തി കഴിയേണ്ട അവസ്ഥയാണ്.
വാർഡുകളിലും പരിസരത്തും കൊതുക് ശല്യവും രൂക്ഷമായിട്ടുണ്ട്.
ഇതുകൂടാതെ, ശസ്ത്രക്രിയ അത്യാഹിത വിഭാഗത്തിന് സമീപത്തെ നാലുകെട്ടിനുള്ളിലും ടാങ്ക് പൊട്ടി മലിനജലം ഒഴുകുന്നുണ്ട്. അത്യാസന്ന നിലയിലെത്തുന്ന രോഗികൾക്ക് അടിയന്തര ശസ്ത്രക്രിയ നൽകുന്ന പ്രൊസീജിയർ റൂമിന്റെ പിന്നിലെ നാലുകെട്ടിന്റെ അകത്തളത്തിലെ കക്കൂസ് മാലിന്യ ടാങ്കാണ് പൊട്ടിയൊഴുകുന്നത്. അഞ്ചാം നിലയിൽ നിന്നുള്ള മലിനജല പൈപ്പും പൊട്ടി ഒഴുകുന്നുണ്ട്.
പനിയുമായി ആശുപത്രിയിലെത്തുന്നവർ മാകര രോഗങ്ങളുമായി തിരിച്ചു പോകേണ്ട സ്ഥിതിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്. മലിനജലം പരിസരമാകെ പരന്ന് ഒഴുകാൻ തുടങ്ങിയതോടെ പകർച്ചവ്യാധി ഭീഷണിയിലാണ്
രോഗികളും കുട്ടിരിപ്പുകാരും. രണ്ടാഴ്ചയോളമായി അവസ്ഥ തുടർന്നിട്ടും
അധികൃതർ നടപടിയെടുക്കാൻ തയ്യാറാകാത്തത് രോഗികളോടുള്ള അവഗണനയാണെന്നാണ് നാട്ടുകാർ പറയുന്നത്.
ആരോഗ്യം സംരക്ഷിക്കേണ്ട ആതുരാലയത്തിന്റെ പരിസരത്ത് മാലിനജലം ഒഴുകുന്നത് നീതീകരിക്കാനാവില്ല. രോഗികളുടെ അവസ്ഥ പരിതാപകരമാണ്. എത്രയും വേഗം പരിഹാരം ഉണ്ടാക്കണം
- നാസർ അഹമ്മദ്, പൊതുപ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |