
കണിയാമ്പറ്റ(വയനാട്): പച്ചിലക്കാട് പടിക്കംവയൽ ജനവാസകേന്ദ്രത്തിൽ തിങ്കളാഴ്‌ച എത്തിയ കടുവയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണനാണ് ഉത്തരവിട്ടത്. നിലവിൽ ചീക്കല്ലൂരിലെ പുളിക്കലിൽ കാടുമൂടിയ വയലിൽ നിലയുറപ്പിച്ചിരിക്കുകയാണ് കടുവ. സ്ഥലത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു. മുത്തങ്ങ ആനപ്പന്തിയിൽ നിന്നുള്ള ഭരത്,സുരേന്ദ്രൻ എന്നീ കുങ്കി ആനകളെയും എത്തിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ 11 മണിയോടെ തൊഴിലുറപ്പ് തൊഴിലാളികൾ കടുവയെ ചീക്കല്ലൂരിൽ വച്ച് കണ്ടിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് തെർമൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കടുവയെ പുളിക്കൽ ഭാഗത്ത് കണ്ടെത്തി. വയനാട് വന്യജീവി സങ്കേതത്തിനുള്ളിലെ അഞ്ച് വയസുള്ള 112ാം നമ്പർ ആൺ കടുവയാണിതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പ്രദേശം വളഞ്ഞതിന് പിന്നാലെ വൈകിട്ട് ആറരയോടെ ദൗത്യസംഘം കടുവയെ കാടുകയറ്റാനായി നടപടികൾ തുടങ്ങി. കൈതകൊല്ലിക്ക് സമീപം പടക്കം പൊട്ടിച്ച് ഓടിക്കാൻ ശ്രമം നടത്തി. എന്നാൽ ജനവാസ മേഖലയിലേക്ക് കടുവ ഓടികയറിയെന്നാണ് വിവരം.
അതേസമയം,ചീക്കല്ലൂർ വഴിയുള്ള കൂടോത്തുമ്മൽ പനമരം റോഡ് പൂർണമായും അടച്ചു. വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പ്രദേശവാസികൾക്ക് നിർദ്ദേശം നൽകി. പനമരം കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിലെ നിശ്ചിത വാർഡുകളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |