
തിരുവനന്തപുരം: കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പരിഷ്കരിച്ച ബില്ലിലെ വ്യവസ്ഥകൾ സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്ന് സർക്കാരിന് ആശങ്ക. 40% ചെലവ് സംസ്ഥാനങ്ങൾ വഹിക്കണമെന്നതു കൂടാതെ ലേബർ ബഡ്‌ജറ്റിന് അനുസൃതമായി മാത്രമേ തൊഴിൽ നൽകാനാകൂ എന്ന വ്യവസ്ഥയടക്കം പദ്ധതിയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
40% ചെലവ് വഹിക്കേണ്ടി വരുന്നതിലൂടെ സംസ്ഥാനത്തിന് പ്രതിവർഷം 1,600 കോടിയുടെ ബാദ്ധ്യതയുണ്ടാകുമെന്നാണ് തദ്ദേശ വകുപ്പിന്റെ കണക്കുകൂട്ടുന്നത്. പ്രതിവർഷം ശരാശരി 4000 കോടിയാണ് സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി ചെലവ്. ഇതിന്റെ 40% ഭീമമായ ബാദ്ധ്യതയാണ്.
തൊഴിൽ അവകാശമാണെന്ന വ്യവസ്ഥയായിരുന്നു പദ്ധതിയുടെ ആത്മാവ്. പുതിയ ബില്ലിലെ വ്യവസ്ഥയിലൂടെ ടാർജറ്റിനും ലേബർ ബഡ്‌ജറ്റിനും അനുസൃതമായി മാത്രമേ തൊഴിൽ നൽകാനാകൂ. ഇതോടെ തൊഴിൽ നൽകുക എന്ന ചുമതലയിൽ നിന്ന് കേന്ദ്രം പൂർണമായും പിന്മാറുകയാണെന്നും സംസ്ഥാനം വിലയിരുത്തുന്നു.
കേന്ദ്രം നോട്ടിഫൈ ചെയ്യുന്ന ഗ്രാമീണ മേഖലകളിൽ തൊഴിൽ ചെയ്യാൻ സന്നദ്ധമായവർക്ക് 125 ദിവസത്തെ തൊഴിൽ നൽകുമെന്നാണ് ബില്ലിലെ വ്യവസ്ഥ. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളും നോട്ടിഫൈ ചെയ്യപ്പെടണമെന്നില്ലെന്നതും തിരിച്ചടിയായേക്കാം.
കേരളത്തിന്റെ ആശങ്ക
1.കേന്ദ്രം അനുവദിക്കുന്ന തൊഴിൽ ദിനങ്ങളെക്കാൾ കൂടുതൽ സംസ്ഥാനം അനുവദിക്കാറുണ്ട്. എന്നാൽ, ഇനി അധികം സൃഷ്ടിക്കുന്നതിന്റെ ബാദ്ധ്യത സംസ്ഥാനത്തിനാണ്
2.സംസ്ഥാനതല സമിതിയിലും കേന്ദ്ര പ്രതിനിധി വരും. തീരുമാനങ്ങളെടുക്കുന്നതിൽ സംസ്ഥാനത്തിന് പങ്കാളിത്തം ഇല്ലാതാകും. അലവൻസിന്റെയും വേതനം വൈകുന്നതിന്റെ നഷ്ടപരിഹാരവും സംസ്ഥാനത്തിന്റെ ചുമതലായാകും.
3.പഞ്ചായത്തുകളെ എ.ബി.സി എന്നിങ്ങനെ തരംതിരിക്കും. ഇതോടെ ഓരോയിടത്തും അനുവദിക്കുന്ന തൊഴിൽ വ്യത്യസ്തമായിരിക്കും
4.വിത്തുവിതയ്ക്കൽ, വിളകൊയ്യൽ സീസണുകളിൽ 60 ദിവസംവരെ തൊഴിൽ ഒഴിവാക്കാമെന്ന നിർദ്ദേശം നിരവധി കുടുംബങ്ങളെ പദ്ധതിയിൽ നിന്ന് പുറത്താക്കും
സംസ്ഥാനത്ത് തൊഴിലുറപ്പ്
(ലക്ഷത്തിൽ)
രജിസ്റ്റർ ചെയ്ത കുടുംബങ്ങൾ................... 40.42
ആകെ തൊഴിലാളികൾ............................. 59.4
സജീവ കുടുംബങ്ങൾ................................ 19.37
സജീവ തൊഴിലാളികൾ............................ 22.61
5 കോടി
നടപ്പ് സാമ്പത്തിക വർഷം കേന്ദ്രം
അനുവദിച്ച തൊഴിൽ ദിനങ്ങൾ
5.52 കോടി
ഈമാസം 15 വരെ
സംസ്ഥാനം നൽകിയത്
കുറയുന്ന കേന്ദ്ര വിഹിതം
(തുക കോടിയിൽ)
2022-23............. 3854.68
2023-24.............. 3221.13
2024-25..............3212.06
2025-26............. 2928.34
''തൊഴിലുറപ്പ് പദ്ധതി പൂർണമായി ഇല്ലാതാക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ബിൽ. ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്.
-മന്ത്രി എം.ബി.രാജേഷ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |