
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ കനത്ത തിരിച്ചടിയെക്കുറിച്ച് ചർച്ചപോലും ചെയ്യാതെ എൽ.ഡി.എഫ് യോഗം. ഭരണവിരുദ്ധവികാരവും മറ്റ് രാഷ്ട്രീയ വിഷയങ്ങളും ചൂടുപിടിച്ച് നിൽക്കെയാണ് ഇന്നലെ ഇടതുമുന്നണിയുടെ യോഗം നടന്നത്. വോട്ടർപട്ടിക പരിഷ്‌കരണവും കേന്ദ്രത്തിന്റെ തൊഴിലുറപ്പ് പദ്ധതി ബില്ലുമാണ് അജൻഡയിൽ ഉണ്ടായിരുന്നത്. ഘടകകക്ഷികളുടെ പാർട്ടിതല വിലയിരുത്തലുകൾക്കുശേഷം ജനുവരി ആദ്യവാരം കൂടുന്ന യോഗത്തിൽ ജനവികാരം അവലോകനം ചെയ്യാനാണ് തീരുമാനം.
ഇന്നലെ രാവിലെ പത്തരയ്ക്കാണ് എൽ.ഡി.എഫ് യോഗം തുടങ്ങിയത്. 12 മണിയോടെ എല്ലാം പൂർത്തിയാക്കി പിരിഞ്ഞു. തിരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച് മുന്നണിയിലെ എല്ലാ പാർട്ടികളും അവരുടെ അഭിപ്രായം സ്വരൂപിച്ചശേഷം അവലോകനം നടത്താമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. 29നു നടക്കുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം കഴിഞ്ഞ് അഭിപ്രായം വ്യക്തമാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. തിരഞ്ഞെടുപ്പ് അവലോകനം അടുത്ത യോഗത്തിലേക്ക് മാറ്റിവച്ചതായി എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അറിയിച്ചു. എല്ലാം ശുഭം!
തൊഴിലുറപ്പ് പദ്ധതിയിൽ പുതിയ നിയമം കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ 22 ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിന്ന് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് കേരള കോൺഗ്രസ് (എം) യോഗത്തിൽ വ്യക്തമാക്കി. തിരിച്ചടിയുടെ പേരിൽ മുന്നണി വിടില്ലെന്നും അണികൾ ഒപ്പമുണ്ടെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് യു.ഡി.എഫ് ക്ഷണിക്കുന്നതെന്നും പാർട്ടി ചെയർമാൻ ജോസ് കെ. മാണി യോഗത്തിൽ പറഞ്ഞു. ചലച്ചിത്രമേളയിലെ സിനിമകളുടെ നിരോധനം കൂടി ചർച്ച ചെയ്താണ് യോഗം പിരിഞ്ഞത്. ഭരണ വിരുദ്ധവികാരമാണ് പരാജയത്തിന് കാരണമെന്ന് കഴിഞ്ഞ ദിവസം കൂടിയ സി.പി.ഐ എക്സിക്യൂട്ടീവിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടിരുന്നു. ഇന്നലെ കൂടിയ യോഗത്തിൽ അത് വിഴുങ്ങി.
സർക്കാരിനോടുള്ള എതിർപ്പല്ല, മറ്റു ഘടകങ്ങളാണ് ഫലത്തെ സ്വാധീനിച്ചതെന്നും എതിർപ്പുകളെ മറികടന്ന് നിയമസഭ തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിക്കാനാകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. തോൽവിയുടെ താത്വിക അവലോകനവുമായി മുന്നോട്ടുപോകാതെ ജനവികാരം തിരിച്ചറിഞ്ഞില്ലെങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിൽ ഇതേ തിരിച്ചടിയുണ്ടാകുമെന്ന അഭിപ്രായമാണ് സി.പി.ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ശബരിമലയും ഭരണവിരുദ്ധവികാരവും തദ്ദേശതിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെന്ന സി.പി.എമ്മിന്റെ നിലപാട് യാഥാർത്ഥ്യവുമായി യോജിക്കുന്നതല്ലെന്നും ഘടകകക്ഷി നേതാക്കൾ വിലയിരുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |