കുട്ടനാട്: നെടുമുടി പഞ്ചായത്ത് പ്രസിഡന്റിനെ തീരുമാനിക്കുന്നതിൽ പാർട്ടികൈക്കൊണ്ട കർശന നിലപാടിനെ തുടർന്ന് നെടുമുടി, നടുഭാഗം സി.പി.എം ലോക്കൽ കമ്മിറ്റികളിൽ പൊട്ടിത്തെറി. നടുഭാഗം ലോക്കൽ കമ്മിറ്റിയിൽ നിന്ന് നാലുപേർ രാജിവച്ചു.നെടുമുടി ലോക്കൽ കമ്മിറ്റിയിൽ നിന്ന് നാലുപേർ ഇറങ്ങിപ്പോയി. പഞ്ചായത്ത് പ്രസിഡന്റിനെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് അവസാനമായി ചേർന്ന ലോക്കൽ കമ്മിറ്റിയിലായിരുന്നു രാജിയും ഇറങ്ങിപ്പോക്കും. അതേസമയം, രാജിവച്ച നാലുപേരിൽ ഒരാൾ പിന്നീട് രാജിക്കത്ത് തിരികെ വാങ്ങിയതായും റിപ്പോർട്ടുണ്ട്.
പാർട്ടിയിലെ മുതിർന്ന അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എം.കെ ചാക്കോ, വിനോദ് എന്നിവരുടെ പേരുകളാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉയർന്നുവന്നത്. എന്നാൽ, ഇത് വലിയ തർക്കത്തിനിടയാക്കി. പാർട്ടിയിൽ സമവായം ഉണ്ടാകാതെ വന്നതിനെ തുടർന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ദിവസം അംഗങ്ങൾ ഹാജരാകാതെ വിട്ടുനിൽക്കാൻ പോലും തയ്യാറായി.
ഇതിന് പിന്നാലെ തകഴി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ നേതാക്കളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് ലോക്കൽ കമ്മിറ്റി വിളിച്ചു ചേർക്കുകയും സമവായത്തിലെത്താനും ശ്രമം നടത്തി. ചർച്ച എങ്ങുമെത്താതെ വന്നതോടെ എം.കെ ചാക്കോയ്ക്ക് ഒരു വർഷമെങ്കിലും പ്രസിഡന്റ് പദവി നല്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാൽ, അതും നിരസിക്കപ്പെട്ടു.ഇതോടെയാണ് രാജി പ്രഖ്യാപനവും ഇറങ്ങിപ്പോക്കും ഉണ്ടായത്.
നെടുമുടി ഒന്നാം വാർഡിൽ മത്സരിച്ച് പരാജയപ്പെട്ട എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം,ചമ്പക്കുളം പഞ്ചായത്ത് മുൻഅംഗം എന്നീ വനിതകൾക്ക് പുറമേ, സി. ഐ.ടി.യു നെടുമുടി യൂണിറ്റ് സെക്രട്ടറി, മറ്റൊരു ലോക്കൽ കമ്മിറ്റി അംഗം എന്നിവർ ഇറങ്ങിപ്പോയതായാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |