ആലപ്പുഴ: വേനൽക്കാലത്തിന് മുമ്പേ ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. ദേശീയ പാത നവീകരണത്തിനിടെ നിരന്തരമായി പൈപ്പ് പൊട്ടുന്നത് കാരണം കായംകുളം മുതൽ അരൂർ വരെയുള്ള പ്രദേശങ്ങളിൽ പതിവായി കുടിവെള്ളം മുടങ്ങുന്നുണ്ട്. പാചകാവശ്യത്തിന് ഉൾപ്പെടെ വെള്ളം വില കൊടുത്തുവാങ്ങുന്ന ആലപ്പുഴ നഗരത്തിലും തീരദേശങ്ങളിലും ജില്ലയുടെ തെക്ക് കിഴക്കൻ മേഖലകളിലുമാണ് ജനങ്ങൾ ഏറെ വലയുന്നത്.
വേനൽ കടുത്തതോടെ ജലസ്രോതസുകൾ വറ്റുകയും വെള്ളത്തിന്റെ ഉപയോഗം കൂടുകയും ചെയ്തതാണ് പ്രശ്നം രൂക്ഷമാക്കിയത്. വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പൈപ്പ് ലൈനുകൾ സമ്മർദ്ദമുള്ള പമ്പിംഗ് കാരണം പൊട്ടിയുണ്ടാകുന്ന ചോർച്ചയും ഒരു പ്രധാന പ്രശ്നമാണ്.
ജൽജീവൻ പദ്ധതിപ്രകാരം ജില്ലയിലാകെ കണക്ഷനുകൾ ലഭ്യമാക്കിയെങ്കിലും വെള്ളമെത്തിയിട്ടില്ല. വാട്ടർ അതോറിട്ടിയുടെ നിലവിലെ സ്രോതസുകളാണ് ജൽജീവൻ മിഷന്റെയും ആശ്രയം.വാട്ടർ അതോറിട്ടിയുടെ ഉപഭോക്താക്കൾക്ക് പോലും ആവശ്യത്തിന് കുടിവെള്ളം ലഭ്യമല്ലാത്ത സാഹചര്യത്തിൽ ജൽജീവൻ മിഷന് എങ്ങനെ വെള്ളം നൽകാനാകുമെന്നതിൽ ഉദ്യോഗസ്ഥർക്ക് പോലും നിശ്ചയമില്ല.
ആലപ്പുഴ നഗരത്തിൽ വെള്ളക്ഷാമം രൂക്ഷമാക്കുന്നത് പൈപ്പ് പൊട്ടലാണ്. ദേശീയപാതയുടെയും സിറ്റിഗ്യാസ് ലൈൻ പദ്ധതിയുടെയും ജോലികൾക്കിടെയാണ് പഴക്കമുള്ള പൈപ്പുകൾ പൊട്ടുന്നത്.
പൈപ്പ്പൊട്ടലും പമ്പിംഗ് തകരാറും പതിവ്
1. കായംകുളം, കൃഷ്ണപുരം മേഖലകളിൽ കുഴൽക്കിണറുകളുടെ തകരാർ ജലവിതരണത്തെ ബാധിച്ചിട്ടുണ്ട്. തകരാറിലായവയ്ക്ക് പകരം പുതിയ കുഴൽക്കിണറുകൾക്ക് പദ്ധതി തയ്യാറാക്കിയെങ്കിലും പൂർത്തിയായില്ല
2.ചേപ്പാട്, ഹരിപ്പാട്, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, തോട്ടപ്പള്ളി, പല്ലന, പുറക്കാട്, പള്ളിപ്പാട്, വീയപുരം പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. വള്ളികുന്നം, താമരക്കുളം, നൂറനാട്,ചാരുംമൂട്, പാലമേൽ മേഖലകളിലെ ഉയരംകൂടിയ പ്രദേശങ്ങളിൽ കുടിവെള്ളം എത്തുന്നില്ല
3.റെയിൽവേ ലൈൻ ക്രോസ് ചെയ്തുളള പൈപ്പ് ലൈൻ ജോലികൾ പൂർത്തിയാകാത്തതിനാൽ തെക്കേക്കര പഞ്ചായത്തിൽ നിന്ന് കുറത്തികാട്, വള്ളികുന്നം മേഖലകളിലേക്കുള്ള ജലവിതരണം തുടങ്ങിയിട്ടില്ല
4.തിരുവല്ലയിൽ നിന്നെത്തുന്ന വെള്ളത്തിന് പുറമേ പ്രദേശത്തെ 26 കുഴൽക്കിണറുകളെയും ആശ്രയിച്ചാണ് കുട്ടനാട്ടിലെ ജലവിതരണം. ഇവിടെയും പലേടത്തും വെള്ളം കിട്ടുന്നില്ല
വെള്ളത്തിന്റെ ഉപയോഗം
(താലൂക്ക് അടിസ്ഥാനത്തിൽ)
അമ്പലപ്പുഴ, ചേർത്തല..........185 എം.എൽ.ഡി
കുട്ടനാട്.....................................10-15 എം.എൽ.ഡി
കായംകുളം ...............................12 എം..എൽ.ഡി
മാവേലിക്കര, ചെങ്ങന്നൂർ.......40 എം.എൽ.ഡി
വേനലാകുമ്പോഴാണ് കുടിവെള്ളക്ഷാമത്തെപ്പറ്റി വാട്ടർ അതോറിട്ടി ചിന്തിക്കുന്നത്. പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണി യഥാസമയം പൂർത്തിയാക്കാനും ജലവിതരണം കാര്യക്ഷമമാക്കാനും നടപടി വേണം
-റെസി. അസോസിയേഷൻ, ആലപ്പുഴ
വേനലായതോടെ വെള്ളക്ഷാമം സംബന്ധിച്ച് ധാരാളം പരാതികൾ ലഭിക്കുന്നുണ്ട്. അവ ഉടനടി പരിഹരിച്ച് ജനങ്ങളുടെ ബുദ്ധിമുട്ടൊഴിവാക്കും
- വാട്ടർ അതോറിട്ടി, ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |