ചാരുംമൂട്: നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ഭരണം ലഭിച്ച താമരക്കുളം ഗ്രാമപഞ്ചായത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റിയംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ യു.ഡി.എഫ് - എസ്.ഡി.പി.ഐ ധാരണയെന്ന് ആക്ഷേപം . എസ്.ഡി.പി.ഐ അംഗത്തിന്റെ വോട്ട് യു.ഡി.എഫിനും യു.ഡി.എഫിന്റെ വോട്ട് എസ്.ഡി.പി.ഐ അംഗത്തിനും ലഭിച്ചതാണ് ചർച്ചയായത്. 18 അംഗ പഞ്ചായത്ത് സമിതിയിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും 7 അംഗങ്ങൾ വീതമാണുള്ളത്. ബി.ജെ.പിക്ക് 3 ഉം എസ്.ഡി.പിഐക്ക് ഒരംഗവും ഉണ്ട്. നേരത്തെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും 7 വോട്ടുകൾ വീതം ലഭിച്ചതോടെ നറുക്കെടുപ്പിലാണ് വിജയികളെ തിരഞ്ഞെടുത്തത്.
ഇന്നലെ നടന്ന സ്റ്റാന്റിംഗ് കമ്മിറ്റിയംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുമായി കോൺഗ്രസ് ധാരണയുണ്ടാക്കിയതായാണ് എൽ.ഡി.എഫിന്റെ ആരോപണം. വികസനം, ക്ഷേമകാര്യം എന്നീ കമ്മിറ്റികളിലേക്കുള്ള വനിതാ അംഗത്തിന്റെ തിരഞ്ഞെടുപ്പിലാണ് എസ്.ഡി.പി.ഐ അംഗം അഷറഫ് നെടുമ്പ്രത്തുംവിള യു.ഡി.എഫിന് വോട്ട് ചെയ്തത്.ഇതോടെ വികസനകാര്യ കമ്മിറ്റിയിലേക്ക് മത്സരിച്ച യു.ഡി.എഫിലെ റീനയ്ക്ക് 8 വോട്ടു ലഭിച്ചു. എൽ.ഡി.എഫിലെ അമ്പിളിക്ക് 7 വോട്ടും കിട്ടി. വികസനകാര്യ കമ്മിറ്റിയിലെ ബാക്കി 3 അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ഫിലിപ്പ് ഉമ്മന് 7 വോട്ടും, എസ്.ഡി.പി.ഐ അംഗം അഷറഫിനും കോൺഗ്രസ് അംഗം രാധികയ്ക്കും 4 വോട്ടുകൾ വീതവും ബി.ജെ.പിയിലെ മധുകുമാറിന് 3 വോട്ടുകളും ലഭിച്ചു. എസ്.ഡി.പി.ഐ അംഗത്തിന് തന്റെ ഒരു വോട്ട് കൂടാതെ കോൺഗ്രസിന്റെ 3 വോട്ടുകൾ അധികമായി ലഭിച്ചു. ഇതോടെ 3 വോട്ടുകൾ കിട്ടിയ ബി.ജെ.പി അംഗത്തിന് വികസന കാര്യ കമ്മിറ്റിയിൽ ഇടം നേടാൻ കഴിഞ്ഞില്ല. ക്ഷേമകാര്യ കമ്മിറ്റിയിലും അഷറഫ് നെടുമ്പ്രത്തുംവിള യു.ഡി.എഫിന് വോട്ടു ചെയ്തിട്ടുണ്ട്. എന്നാൽ യു.ഡി.എഫുമായി യാതൊരു ധാരണയുമില്ലെന്നാണ് അഷറഫ് നെടുമ്പ്രത്തുംവിള പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |