
ആലപ്പുഴ: പദ്മപുരസ്‌കാരങ്ങളിൽ മലയാളികൾ വെട്ടിത്തിളങ്ങിയപ്പോൾ അതിലേറെയും ആലപ്പുഴക്കാരാണെന്നത് നാടിന് അഭിമാനമായി. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, നടൻ മമ്മൂട്ടി, പരിസ്ഥിതി പ്രവർത്തക കൊല്ലകൽ ദേവകിയമ്മ എന്നിവരാണ് ആലപ്പുഴയുടെ യശസ് രാജ്യത്തോളം ഉയർത്തിയത്. വി.എസിന് മരണാനന്തര ബഹുമതിയായി പദ്മവിഭൂഷൻ, വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിക്കും പദ്മഭൂഷൺ, കൊല്ലകൽ ദേവകിയമ്മയ്ക്ക് പദ്മശ്രീ എന്നീ പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിലെ ചെമ്പ് എന്ന സ്ഥലത്താണ് വളർന്നതെങ്കിലും, മമ്മൂട്ടി ജനിച്ചതും പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം നേടിയതും മാതാവ് ഫാത്തിമ്മയുടെ ജന്മനാടായ ആലപ്പുഴയിലെ ചന്തിരൂരിലായിരുന്നു.
വി.എസ് ജ്വലിക്കുന്ന ഓർമ്മ
ആലപ്പുഴ വലിയചുടുകാട്ടിലെ വി.എസിന്റെ സ്മൃതികുടീരത്തിൽ നിത്യേന സന്ദർശകർ എത്തിക്കൊണ്ടിരിക്കുകയാണ്. അണയാത്ത വിപ്ലവജ്വാലയായി പ്രകാശിക്കുന്ന വി.എസിന് പൊതുപ്രവർത്തന രംഗത്തെ സംഭാവനകൾക്ക് മരണാനന്തര ബഹുമതിയായാണ് പദ്മവിഭൂഷൺ പുരസ്ക്കാരം നൽകി ആദരിക്കുന്നത്. തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി എക്കാലവും നിലകൊണ്ട വി.എസ് മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ വിഷയങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വി.എസിന് 83 വയസായിരുന്നു. സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിൽ ഒട്ടേറെ ജനക്ഷേമ പരിപാടികൾക്ക് വി.എസ് തുടക്കമിട്ടു. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കലിന് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് വി.എസ് നടത്തിയ ഓപ്പറേഷൻ മൂന്നാർ എന്ന പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. സ്വന്തം നിലപാടുകളിൽനിന്ന് അണുവിട മാറാതെ നിന്നു കൊണ്ടുള്ള ഭരണ നിർവഹണം അദ്ദേഹത്തെ കേരളത്തിലെ ജനപ്രിയ ഭരണാധികാരിയാക്കി മാറ്റി.
അഭിമാനമായി വെള്ളാപ്പള്ളി
സാമുദായിക നേതൃത്വത്തിലൂടെ സമുദായത്തിന്റെയും സമൂഹത്തിന്റെയും ഉന്നതിക്കായി നിലകൊള്ളുന്ന വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്ക്കാരം അർഹയ്ക്കുള്ള അംഗീകാരമായി മാറി. മൂന്ന് പതിറ്റാണ്ടായി എസ്.എൻ.ഡി.പി യോഗം, എസ്.എൻ ട്രസ്റ്റ് പ്രസ്ഥാനങ്ങളുടെ ജനറൽ സെക്രട്ടറിയും, ആറ് പതിറ്റാണ്ടായി കണിച്ചുകുളങ്ങര ദേവീക്ഷേത്രം പ്രസിഡന്റുമായി പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി അക്ഷരാർത്ഥത്തിൽ ഈഴവ സമൂഹത്തിന് മുന്നേറുന്നതിന് വഴിതെളിച്ച നേതാവാണ്. ജന്മി-ഭൂപ്രഭു-കുടിയാൻ സംവിധാനം നിലനിൽക്കുന്ന സമയത്താണ് കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ പ്രസിഡന്റായി അദ്ദേഹം ചുമതലയേറ്റത്. 1964-ൽ ക്ഷേത്ര പ്രസിഡന്റായ അദ്ദേഹം സമൂഹത്തിൽ നിലനിന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും മാറ്റിയെടുത്തു. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആർ.ശങ്കറിന് ശേഷം ഒരേ സമയം എസ്.എൻ.ഡി.പി യോഗത്തിന്റെയും ശ്രീനാരായണ ട്രസ്റ്റിന്റെയും നേതൃനിരയിലെത്തിയ നേതാവാണ്.
ജന്മനാടിന്റെ നടനവൈഭവം
കോട്ടയം ചെമ്പ് സ്വദേശിയെന്ന് അറിയപ്പെടുന്നുവെങ്കിലും നടൻ മമ്മൂട്ടിയുടെ ജന്മനാട് ആലപ്പുഴയാണ്. മാതാവ് ഫാത്തിമ്മയുടെ നാടായ ചന്തിരൂരിലായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസം ചന്തിരൂർ ഗവ യു.പി.എസിലും. അക്കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു. ഇപ്പോഴും ബന്ധുവീടുകളിലെ സന്ദർശനത്തിനടക്കം അദ്ദേഹം ആലപ്പുഴയിലെത്താറുണ്ട്.
അറിയതെ പോയ ഹീറോ
പദ്മ പുരസ്ക്കാരങ്ങളിൽ അൺസംഗ് ഹീറോസ് എന്ന വിഭാഗത്തിലാണ് പരസ്ഥിതി പ്രവർത്തകയായ മുതുകുളം സ്വദേശി കൊല്ലകൽ ദേവകിയമ്മ പദ്മശ്രീ പുരസ്ക്കാരത്തിന് അർഹയായത്. ഭാരതത്തിൽ വനിതകൾക്ക് നൽകുന്ന ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ നാരീശക്തിപുരസ്കാരം മുമ്പ നേടിയിട്ടുണ്ട്. കാടില്ലാത്ത ആലപ്പുഴയിൽ നിന്നാണ് വനവത്ക്കരണം നടത്തി ദേവകിയമ്മ മാതൃകയാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |