ശംഖുംമുഖം: കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതി ഉണ്ണിക്കൃഷ്ണനെ റിമാൻഡ് ചെയ്‌തു. കഴിഞ്ഞ ദിവസം രാത്രിയിൽ പൂന്തുറ സ്റ്റേഷൻ ക്രൈം എസ്.ഐ ശ്രീകേഷിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നിന്ന് കൊണ്ടുവന്ന പ്രതിയെ, ഇന്നലെ വൈകിട്ടോടെ പൊലീസ് കോടതിയിൽ ഹാജരാക്കി. തുടർന്ന് റിമാൻഡ് ചെയ്യുകയായിരുന്നു.
പ്രാഥമിക ചോദ്യം ചെയ്യലിൽ താൻ നിരപരാധിയാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. അമ്മ സജിതയ്‌ക്ക് ഗ്രീമയോടുള്ള അമിത വാത്സല്യവും സ്വാർത്ഥതയുമാണ് ദാമ്പത്യപ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. അമ്മ പറയുന്നത് മാത്രമാണ് ഗ്രീമ അനുസരിക്കുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
മദ്ധ്യസ്ഥ ചർച്ചകൾ പലവട്ടം നടക്കുകയും അതനുസരിച്ച് കൗൺസിലിംഗിന് വിധേയരാവുകയും ചെയ്തിട്ടും ഗ്രീമയുടെ സ്വഭാവത്തിൽ മാറ്റമുണ്ടായില്ലെന്നാണ് ഉണ്ണിക്കൃഷ്ണന്റെ വാദം. അതേസമയം സജിതയുടെയും ഗ്രീമയുടെയും ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലങ്ങൾ ലഭിച്ചാൽ മാത്രമേ മരണകാരണം സയനൈഡ് ആണോ എന്നത് ഉറപ്പിക്കാനാവൂവെന്ന് പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |