പയ്യന്നൂർ: ആരോപണ വിധേയനായ ടി.ഐ. മധുസൂദനൻ എം.എൽ.എ. രാജിവയ്ക്കണമെന്ന ആവശ്യവുമായി പയ്യന്നൂരിൽ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ 18ഉം , ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ 25ഉം സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് എം.എൽ.എ രാജിവയ്ക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്, ബി.ജെ.പി. പ്രവർത്തകർ ശനിയാഴ്ച വൈകുന്നേരം പ്രകടനം നടത്തിയത്.
ആക്രമണത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി എ.പി നാരായണൻ (70), ബ്ലോക്ക് വൈസ് പ്രസിഡന്റ് എ. രൂപേഷ് (49), വെള്ളൂർ മണ്ഡലം പ്രസിഡന്റ് കെ.ടി ഹരീഷ് (48), വെള്ളൂരിലെ ടി രാജൻ (66) എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇതുസംബന്ധിച്ച് എ. രൂപേഷ് നൽകിയ പരാതിയിലാണ് സി.പി.എം പ്രവർത്തകരായ അശ്വിൻ കണ്ടങ്കാളി, സൂനജ്, നിഖിൽ, ലിജിത്ത് തുടങ്ങി എട്ടുപേർക്കെതിരെയും മറ്റു കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെയും പൊലീസ് കേസെടുത്തത്.
പ്രകടനം നടത്തിയ ബി.ജെ.പി. പ്രവർത്തകരെ ആക്രമിച്ചത്തിൽ പി.കെ.സുജിത് കുമാർ, എ. അശോകൻ, ഒ.പി ലോഹിതൻ എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇതിൽ സുജിത് കുമാർ നൽകിയ പരാതിയിലാണ് സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി പി. സന്തോഷ്, നഗരസഭ ചെയർമാൻ സരിൻ ശശി, പോത്തേര കൃഷ്ണൻ തുടങ്ങിയ പതിനഞ്ച് സി.പി.എം പ്രവർത്തകർക്കും മറ്റ് കണ്ടാലറിയാവുന്ന പത്തുപേർക്കുമെതിരെ കേസെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |