
മാവേലിക്കര: വോട്ട് വിനിയോഗത്തിൽ ആരുടെയെങ്കിലും സ്നേഹപ്രകടനങ്ങൾക്ക് വശംവദരാകരുതെന്നും ഭാവിയെപ്പറ്റി ഉൾക്കാഴ്ചവേണമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ മാങ്കാംകുഴി 1479-ാം നമ്പർ ശാഖ ഗുരുമന്ദിര സമർപ്പണവും ശ്രീനാരായണദർശന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡോ.പല്പുവിന്റെ 75-ാം വിയോഗ വാർഷിക ദിനവേളയിൽ ഈഴവ മെമ്മോറിയൽ രൂപീകരണത്തെ സ്മരിക്കപ്പെടാതെ പോകുന്നത് അനുചിതമാണ്. ഈഴവനും മുസ്ളീമും ക്രിസ്ത്യാനിയുമുൾപ്പെടെ മുഴുവൻ പിന്നാക്ക വിഭാഗങ്ങൾക്കും സാമൂഹ്യനീതി ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു പല്പുവിനെപ്പോലുള്ള മഹാരഥൻമാരുടെ പരിശ്രമം.
വിദ്യാഭ്യാസ സാമൂഹ്യ സാമ്പത്തിക രംഗങ്ങളിൽ നീതി നിഷേധിക്കപ്പെട്ട് ഈഴവ സമുദായം അടിച്ചമർത്തപ്പെടുന്നതൊഴിവാക്കാനായി ശബ്ദമുയർത്തിയാൽ ജാതി പറയുന്നുവെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും വർഗീയവാദിയാക്കി ചിത്രീകരിക്കുകയുമാണ് ചെയ്യുന്നത്.
യോഗത്തിന്റെയും ട്രസ്റ്റിന്റെയും സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട് അതിനുമുകളിലുള്ള രാഷ്ട്രീയ കസേരകളുറപ്പിക്കാൻ താൻ ശീലിച്ചിട്ടില്ല. സമുദായത്തിന്റെ ആവശ്യങ്ങൾ പറയുമ്പോൾ ചില കേന്ദ്രങ്ങളിൽനിന്ന് എതിർപ്പുണ്ടാകും. അതിനെ അതിജീവിച്ചേ മതിയാകൂ. ജാതി പറയുന്നത് അപമാനമല്ല, അഭിമാനമാണ്. സംഘടിതമായി നിന്നവർക്കെല്ലാം പലതും നേടാൻ കഴിഞ്ഞിട്ടുണ്ട്. വോട്ടുബാങ്കായി കാലങ്ങളായി നമ്മെ ഉപയോഗിച്ചവർ നമുക്ക് നേടിത്തന്നത് തൊഴിലുറപ്പാണ്. വിദ്യാഭ്യാസം നേടാനുള്ള ശേഷിയോ സമ്പത്തോ ഇല്ലാത്തതിന്റെ പേരിൽ പിന്തള്ളപ്പെട്ടപ്പോൾ തൊഴിലില്ലാതെ കുടുംബം പുലർത്താൻ തൊഴിലുറപ്പ് ജോലി ചെയ്യുന്നവരിൽ ഏറ്റവുമധികം ഈഴവ സമുദായാംഗങ്ങളാണ്.
ഇത്തരം പിന്നാക്കാവസ്ഥകൾക്ക് മാറ്റമുണ്ടാക്കാനാണ് മലപ്പുറം പോലുള്ള ജില്ലകളിൽ ഒരുകുടിപ്പള്ളിക്കൂടം പോലുമില്ലാത്ത സാഹചര്യം താൻ ചൂണ്ടിക്കാട്ടിയത്.
അതിന് തന്റെ കോലം കത്തിക്കാനും വർഗീയവാദിയും മുസ്ളീം വിരോധിയുമാക്കി ചിത്രീകരിക്കാനാണ് ചിലർ ഒരുമ്പെട്ടത്. ജീവനോടെ കത്തിച്ചാലും സമുദായത്തിന് നീതി നിഷേധിക്കപ്പെടുന്നതിനെതിരായ നിലപാടുകളിൽ വിട്ടുവീഴ്ചയുണ്ടാകില്ല. തന്നെ വർഗീയവാദിയാക്കി ചിത്രീകരിക്കുന്നവരും ഗുരുദേവ ദർശനങ്ങളുടെ ഒരുഭാഗം അടർത്തിയെടുത്താണ് പ്രതിരോധം തീർക്കുന്നത്.
ജാതിയില്ലെന്ന് ഗുരുദേവൻ അരുളിചെയ്തത് ചൂണ്ടിക്കാട്ടുന്ന അത്തരക്കാർ ജാതിഭേദവുംമതദ്വേഷവുമില്ലാതെ ഏവരും സോദരത്വേനവാഴണമെന്നതിലെ ഉദ്ബോധനമുൾക്കൊള്ളാതെയാണ് പ്രസ്താവനകൾ നടത്തുന്നത്. ജാതിയുടെ പേരിൽ ഭേദചിന്ത പാടില്ലെന്നാണ് ഗുരുദേവൻ അരുൾചെയ്തത്. ശിവഗിരി തീർത്ഥാടന പദയാത്രകൾക്ക് മുസ്ളീം സഹോദരൻമാരുൾപ്പെടെ വരവേൽപ്പ് നൽകുന്നതും ആർത്തുങ്കൽ പള്ളിപ്പെരുന്നാളിന് നാമെല്ലാം സംബന്ധിക്കുന്നതും ഭേദചിന്തകളില്ലെന്നതിന്റെ തെളിവല്ലേ.
ഖജനാവിലെ പണം പലകണക്കും പറഞ്ഞ് കൊള്ളയടിക്കുകയാണ്. കെ.എം.മാണിയുടെ പാർട്ടി മുന്നണിവിടുമെന്ന് ഭീഷണിപ്പെടുത്തി സ്മാരകത്തിനുള്ള ഭൂമിയും സഭക്കാരുടെ അവകാശങ്ങളും നേടിയെടുക്കാൻ ഒരുമ്പെട്ടില്ലേ. നമുക്ക് ഒരു ബീഡിക്കുറ്റി നൽകിയാൽ എന്തെല്ലാം പുകിലാണിവിടെ. ഗുരുദർശനം പഠിപ്പിക്കുന്ന ഗുരുമന്ദിരങ്ങൾക്ക് സർക്കാരിൽ നിന്നെന്തെങ്കിലും തരുന്നുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടി.കെ.വാസവൻ സ്വാഗതം പറഞ്ഞു.വ്യാപാരി വ്യവസായി ഏകോപന ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര മുഖ്യാതിഥിയായി. ചാരുംമൂട് യൂണിയൻ കൺവീനർ ഗോപൻ ആഞ്ഞിലിപ്ര, മാവേലിക്കര യൂണിയൻ ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ് എന്നിവർ വിശിഷ്ടാതിഥികളായി. ശാഖാസെക്രട്ടറി എം.എൻ.ശിവദാസൻ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |