കൊല്ലം: പലവിധ കാരണങ്ങളാൽ പഠനം മുടങ്ങിയ മുഴുവൻ പേർക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിൽ (ഉല്ലാസ്) ജില്ലയിൽ നിന്ന് സാക്ഷരരാവാൻ തയ്യാറെടുത്ത് 1,687 പേർ. കൂടുതലും സ്ത്രീകൾ, 1,350 പേർ. പുരുഷന്മാർ 337 പേരും.
13 ഭിന്നശേഷിക്കാരും ഇതിൽ ഉൾപ്പെടുന്നു. അക്ഷരം പഠിപ്പിച്ച് അടിസ്ഥാന സാക്ഷരതയും സംഖ്യാശാസ്ത്രവുമാണ് ഇവർക്ക് നൽകിയിട്ടുള്ളത്. അങ്കണവാടികളിൽ സജ്ജമാക്കിയ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്ത പഠിതാക്കളെ കോളേജ് വിദ്യാർത്ഥികൾ, എൻ.എസ്.എസ് വോളണ്ടിയർമാർ, സാക്ഷരതാ പ്രേരക്മാർ എന്നിവർ വീടുകളിലെത്തി പഠിപ്പിച്ചാണ് പരീക്ഷയ്ക്കെത്തിക്കുന്നത്. ഒരു പഠിതാവിന് ഒരദ്ധ്യാപകൻ എന്ന നിലയിലാണ് പഠനം മുന്നോട്ട് പോയത്. 100 മണിക്കൂറാണ് ദൈർഘ്യം. വൈകുന്നേരങ്ങളിൽ കുറഞ്ഞത് മൂന്ന് മണിക്കൂറാണ് ലാപ്ടോപ്പ് ഉൾപ്പെടെ എത്തിച്ച് പഠിപ്പിക്കുന്നത്. 15 വയസ് മുതലുള്ളവരെയാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്. ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല.
സാമ്പത്തികം, ഡിജിറ്റൽ, നിയമ സാക്ഷരത, ആരോഗ്യ അവബോധം എന്നിങ്ങനെ ജീവിത നൈപുണ്യം വികസിപ്പിക്കുന്നതിനും തൊഴിൽപരമായ കഴിവുകൾ രൂപപ്പെടുത്തിയെടുക്കാനും പദ്ധതി സഹായിച്ചിട്ടുണ്ട്. വിവിധ കോളേജുകളിൽ നിന്നുള്ള എൻ.എസ്.എസ് വോളണ്ടിയർമാർ, കുടുബശ്രീ പ്രവർത്തകർ ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ, സാക്ഷരത പ്രേരക്മാർ എന്നിവർ നടത്തിയ സർവ്വേയിലാണ് പഠിതാക്കളെ കണ്ടെത്തിയത്.
പരീക്ഷ ഇന്ന്, ജയിച്ചാൽ നാലിലേക്ക്
ജില്ലയിലെ 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി മികവുത്സവം എന്ന പേരിൽ സംഘടിപ്പിക്കുന്ന സാക്ഷരത പരീക്ഷ ഇന്ന് നടക്കും . മികവുത്സവത്തിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടുന്നവർക്ക് തുടർന്ന് നാലാം തരം തുല്യതാ കോഴ്സിൽ ചേർന്ന് പഠിക്കാൻ അവസരം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |