അന്ധകാരനഴിയിൽ മണൽ നീക്കം തുടങ്ങി

Monday 04 May 2026 3:15 AM IST

തുറവൂർ: അന്ധകാരനഴി വടക്ക്–തെക്ക് സ്പിൽവേ ഷട്ടറുകളുടെ മുന്നിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യൽ ആരംഭിച്ചു. ഇരുവശങ്ങളിലുമായി മണൽ അടിഞ്ഞതിനെ തുടർന്ന് ഷട്ടറുകളുടെ പ്രവർത്തനം നിലച്ചിരുന്നു. ഇത് സംബന്ധിച്ച വാർത്ത പുറത്തുവന്നതോടെ ഇറിഗേഷൻ വകുപ്പും ജില്ലാ ഭരണകൂടവും ഇടപെട്ട് മണൽ നീക്കം ചെയ്യുകയാണ്. നിലവിൽ ഇരുവശങ്ങളിലേക്കും മണൽ നീക്കുന്നത് പുരോഗമിക്കുന്നു. എന്നാൽ തുടർച്ചയായി ഈ നടപടി ഉണ്ടാകാത്തപക്ഷം മഴക്കാലത്ത് വീണ്ടും മണൽ അടിഞ്ഞുകൂടി പഴയ അവസ്ഥയിലേക്കു മടങ്ങാനുള്ള സാദ്ധ്യതയുണ്ടെന്നാണ് ആശങ്ക. ദേശീയപാത നിർമാണത്തിനായി ആവശ്യമായ മണൽക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ അഴിമുഖത്ത് അടിഞ്ഞുകിടക്കുന്ന മണൽ ഉപയോഗപ്പെടുത്തുന്നതിലൂടെ പ്രശ്നത്തിന് സ്ഥിരപരിഹാരം കാണാമെന്നും നാട്ടുകാർ പറയുന്നു.