ആലപ്പുഴ: ചുണ്ടിൽ ഓക്സ്ഫെഡ് ഇംഗ്ളിഷ് ആക്സന്റും മനസു നിറയെ നാടകാഭിനയത്തോടുള്ള അഭിനിവേശവുമാണ് പ്രൊഫ. ഓച്ചിറ രാധാകൃഷ്ണൻ എന്ന കോളേജ് അദ്ധ്യാപകന്റെ ക്ളാസുകളെ വേറിട്ട അനുഭവമാക്കിയത്. 84-ാം വയസിലെ പ്രൊഫസറുടെ വിയോഗത്തോടെ നഷ്ടമാകുന്നത് എഴുപതുകളിലും എൺപതുകളിലും കോളേജ് കാമ്പസുകളെ സമ്പന്നമാക്കിയ പാരമ്പര്യത്തിലെ ഒരു കണ്ണിയെയാണ്.
ഷേക്സ്പിയർ നാടകങ്ങളും വേർഡ്സ് വർത്ത് തുടങ്ങിയ കവികളുടെ കവിതകളും ഗംഭീരമായ ശൈലിയിൽ അവതരിപ്പിച്ച് ആയിരക്കണക്കിന് ശിഷ്യരെയാണ് അദ്ദേഹം ഇംഗ്ളിഷ് ഭാഷാപ്രേമികളാക്കി മാറ്റിയത്. ഘനഗാംഭീര്യമുള്ള ശബ്ദവും സാധാരണയിൽ നിന്ന് വ്യത്യസ്തമായ ഇംഗ്ളിീഷ് ഉച്ചാരണ ശൈലിയും അദ്ദേഹത്തിന്റെ ക്ളാസുകളുടെ പ്രത്യേകതയായിരുന്നു. അതിനൊപ്പം നാടകീയത തുളുമ്പുന്ന അവതരണ ശൈലി ക്ളാസുകളെ കൂടുതൽ ആകർഷകമാക്കി.
ഏതിലും സ്വന്തമായ സ്റ്റൈൽ കൊണ്ടുവന്നിരുന്ന അദ്ദേഹം ആ ശൈലിയിലൂടെ തന്നെയാണ് വിദ്യാർത്ഥികളെ തന്നിലേക്ക് ആകർഷിച്ചത്. ഓച്ചിറ സാർ ഒരു സിഗററ്റ് പുകയ്ക്കുന്നതിൽ പോലും ആ ശൈലി പ്രകടമായിരുന്നുവെന്ന് കുട്ടികൾ തമ്മിൽ പറഞ്ഞിരുന്നു. എൺപത് വയസുകഴിഞ്ഞും അദ്ദേഹം ഇംഗ്ളിഷ് സാഹിത്യ ക്ളാസുകൾ താല്പര്യപൂർവം എടുത്തിരുന്നു. ഈ പ്രായത്തിലും ഷേക്സ്പിയർ നാടകമായ ഹാംലെറ്റിലെ പ്രശസ്തമായ 'ആത്മഗതങ്ങൾ' ക്ളാസുകളിൽ അനായാസം വിശദീകരിച്ചിരുന്നുവെന്ന് വിദ്യാർത്ഥികൾ ഓർമിക്കുന്നു.
നാടകാവതരണ പ്രഭാഷകൻ, നാടകനടൻ എന്നീ മേഖലകളിലും അദ്ദേഹം തിളങ്ങിയിരുന്നു.
എൺപതുകളിൽ കേരളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട നാടക സമിതിയായിരുന്ന പന്തളീയൻ തീയറ്റേഴ്സിൽ സജീവമായി പ്രവർത്തിച്ച അദ്ദേഹം പല നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. പന്തളം എൻ. എസ്. എസ് കോളേജിലെ പ്രിൻസിപ്പലായിരുന്ന ഡോ. എൻ.ജി കുറുപ്പിന്റെ നേതൃത്വത്തിലായിരുന്നു ഷേക്സ്പിയർ നാടകങ്ങൾ ഒരുക്കിയിരുന്നത്. കേരളത്തിലെ വിവിധ കാമ്പസുകളിൽ അവതരിപ്പിച്ചിരുന്ന ഷേക്സ്പിയർ നാടകങ്ങളായ ഒഥെല്ലോ, ഹാംലെറ്റ് എന്നിവ വൻ ഹിറ്റുകളായിരുന്നു. ഹാംലെറ്റിന്റെ ബാല്യകാല സുഹൃത്തായ റോസൻക്രാന്റ്സ്, ഒഥെല്ലോയിൽ ഇയാഗോ എന്ന സൂപ്പർ വില്ലൻ എന്നീ റോളുകളാണ് അദ്ദേഹം ചെയ്തത്. ഈ നാടകങ്ങളിലെ അഭിനയം തനിക്ക് ഏറെ അഭിനന്ദനം നേടിത്തന്നിരുന്നുവെന്ന് അദ്ദേഹം ഓർക്കുമായിരുന്നു. നടൻ മധുവുമൊത്ത് നാഗർകോവിൽ സ്കോട്ട് ക്രിസ്റ്റ്യൻ കോളേജിൽ പഠിപ്പിച്ച അദ്ദേഹം ആദ്യകാലങ്ങളിൽ നാടകങ്ങളിൽ നടൻ മധുവിനൊപ്പം അഭിനയിച്ചിരുന്നു.
ഇന്ത്യൻ പീപ്പിൾസ് തീയറ്റേഴ്സ് അസോസിയേഷൻ, യുവകലാസാഹിതി എന്നിവയുടെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
നാഗർകോവിൽ സ്കോട്ട് ക്രിസ്റ്റ്യൻ കോളേജിൽ അദ്ധ്യാപനം ആരംഭിച്ച അദ്ദേഹം നെന്മാറ, മട്ടന്നൂർ, ചേർത്തല എൻ. എസ്. എസ് കോളേജുകളിൽ അദ്ധ്യാപകനായിരുന്നു. ശ്രീശങ്കര സർകലാശാല തുറവൂർ കേന്ദ്രം കാമ്പസ് ഡയറക്ടറുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |