ആലപ്പുഴ: പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളെ ഉൾപ്പെടുത്തിയുള്ള സ്കൂൾതല ചർച്ചകൾ അവസാനഘട്ടത്തിൽ. വരും ദിവസങ്ങളിൽ പഞ്ചായത്ത്, ജില്ലാ തല ചർച്ചകളിൽ ലഭിക്കുന്ന വിവരങ്ങൾ ഏകീകരിച്ച് സംസ്ഥാന തലത്തിലേക്ക് കൈമാറും. കുട്ടികൾ നിർബന്ധമായും അറിഞ്ഞിരിക്കണമെന്ന് രക്ഷിതാക്കൾ ആഗ്രഹിക്കുന്ന വിഷയങ്ങളാണ് സ്കൂൾതല ചർച്ചകളിൽ പ്രധാനമായും ഉയരുന്നത്.
തൊഴിൽ, പ്രവൃത്തി പരിചയം, റോഡ് നിയമങ്ങൾ, പരിസ്ഥിതി പരിചരണം, ദുരന്ത അഭിമുഖീകരണം, ലൈംഗിക വിദ്യാഭ്യാസം തുടങ്ങി നിരവധി വിഷയങ്ങൾ രക്ഷിതാക്കൾ സ്കൂൾതല ചർച്ചകളിൽ കൈമാറുന്നുണ്ട്. പത്ത് വർഷമായി സംസ്ഥാനത്ത് പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ ഒരേ പുസ്തകങ്ങളാണ് കുട്ടികൾ പഠിക്കുന്നത്. പരിഷ്കരണത്തിൽ മതേതരത്വം, ജനാധിപത്യം, സമഭാവന, സഹിഷ്ണുത, മാനവിക ബോധം, ഭരണഘടന മൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ മുൻപന്തിയിൽ നിൽക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തേതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. 26 ഫോക്കസ് ഏരിയകൾ കേന്ദ്രീകരിച്ചാണ് രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നത്. വിവിധ തലങ്ങളിൽ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ചാകും അന്തിമ ചട്ടക്കൂട് രൂപപ്പെടുത്തുക.
ചർച്ചാ വിഷയങ്ങൾ
1.വിദ്യാഭ്യാസത്തിന്റെ ദർശനം 2.ശൈശവകാല പരിചരണവും വികാസവും 3. പാഠ്യപദ്ധതിയും ബോധനശാസ്ത്രവും 4. സാമൂഹ്യശാസ്ത്ര വിദ്യാഭ്യാസം 5. തൊഴിൽ ഉദ്ഗ്രഥിതവിദ്യാഭ്യാസം 6. ശാസ്ത്രവിദ്യാഭ്യാസം 7. കലാവിദ്യാഭ്യാസം 8. ഗണിതവിദ്യാഭ്യാസവും ഗണനചിന്തയും
9. ഭാഷാവിദ്യാഭ്യാസം 10. പരിസ്ഥിതി വിദ്യാഭ്യാസം 11. ആരോഗ്യ-കായിക വിദ്യാഭ്യാസം 12. വിലയിരുത്തൽ സംവിധാനത്തിലെ പരിഷ്കരണവും കുട്ടികളുടെ സമഗ്രപുരോഗതി രേഖയും 13. ഇന്ത്യയെക്കുറിച്ചുള്ള അറിവ് 14. മൂല്യവിദ്യാഭ്യാസം 15. ഉൾച്ചേർന്ന വിദ്യാഭ്യാസം 16. ലിംഗനീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം 17. സാങ്കേതികവിദ്യ വിദ്യാഭ്യാസത്തിൽ 18. അദ്ധ്യാപക വിദ്യാഭ്യാസം 19. ഗൈഡൻസും കൗൺസലിംഗും വിദ്യാലയങ്ങളിൽ 20. സ്കൂൾ ഭരണവും നേതൃത്വവും 21. ഗുണമേന്മയുള്ള പഠനസാമഗ്രികളുടെ രൂപീകരണം 22. സ്കൂൾ വിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും തമ്മിലുളള ബന്ധം 23. ബദൽ വിദ്യാഭ്യാസ സംവിധാനങ്ങൾ 24. വിദ്യാഭ്യാസത്തിൽ സമൂഹത്തിന്റെ പങ്ക്
25. മുതിർന്നവരുടെ വിദ്യാഭ്യാസവും തുടർവിദ്യാഭ്യാസവും 26. രക്ഷാകർത്തൃ വിദ്യാഭ്യാസം
സ്കൂൾതല ചർച്ചകൾ അവസാനിക്കുന്ന മുറയ്ക്ക് നവംബർ 3 വരെ പഞ്ചായത്ത് - ബി.ആർ.സി തലത്തിലും തുടർന്ന് ജില്ലാതലത്തിലും പൊതുചർച്ചകൾ നടക്കും. ഇവയിൽ നിന്ന് ക്രോഡീകരിക്കുന്ന പ്രധാന ആശയങ്ങളാണ് സംസ്ഥാന സെല്ലിന് കൈമാറുക
ഡോ.കെ.ജെ.ബിന്ദു, ഡയറ്റ് പ്രിൻസിപ്പൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |