ആലപ്പുഴ : അടുത്തിടെ ജില്ലയുടെ ചില ഭാഗങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ താറാവ്, ഇറച്ചിക്കോഴി വില്പന മേഖല വീണ്ടും പ്രതിസന്ധിയിലായി. അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ ചില പഞ്ചായത്തുകളിലും ആലപ്പുഴ നഗരത്തിലുമാണ് കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചത്. താറാവുകളെയാണ് ആദ്യം രോഗം ബാധിച്ചതെങ്കിലും കോഴിവിപണിയിലുംഇടിവുണ്ടായി.
പതിവായി താറാവ്, കോഴിയിറച്ചി വാങ്ങിയിരുന്നവർ ബീഫ്, മട്ടൻ എന്നിവയിലേക്കു മാറി. ജില്ലയിൽ ആയിരത്തോളം ഫാമുകളും 2500 കോഴിഇറച്ചി വില്പന സ്റ്റാളുകളും പ്രവർത്തിക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന കോഴികളാണ് വിൽക്കുന്നതിൽ കൂടുതലും. ആലപ്പുഴ നഗരത്തിൽ മാത്രം 50,000 കിലോഗ്രാം ചിക്കനാണ് പ്രതിദിനം വിൽക്കുന്നത്.
450രൂപ വില ലഭിച്ചിരുന്ന ഒരു താറാവിന് ഇപ്പോൾ വില 300 രൂപയിൽ താഴെയായി. കിലോയ്ക്ക് 140 രൂപയും മീറ്റിന് 240രൂപയുമാണ് ഇറച്ചിക്കോഴി വില. 15,000ൽ അധികം കുടുംബങ്ങളുടെ ഉപജീവിതമാണ് പക്ഷിപ്പനിയെത്തുടർന്ന് താളം തെറ്റിയത്. ജില്ലയിൽ പ്രതിദിനം രണ്ട് ലക്ഷം കിലോഗ്രാം ചിക്കൻ പ്രതിദിനം വിറ്റിരുന്നതാണ്. ഇതിനെ പുറമേയാണ് താറാവ് വില്പന. നിലവിൽ വില്പനയിൽ 60 ശതമാനം വരെ കുറവുണ്ടായി.
ഹോട്ടലുകളെയും ബാധിച്ചു
പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിന്റെ 10കിലോമീറ്റർ ചുറ്റളവിലാണ് കോഴി-താറാവ് ഇറച്ചി, മുട്ട എന്നിവയ്ക്ക് താത്കാലിക വില്പന നിരോധനമെങ്കിലും ഫലത്തിൽ ജില്ലയിലാകെ ഇറച്ചിക്കോഴി വില്പന പ്രതിസന്ധിയിലായി. ഹോട്ടൽ വ്യവസായത്തെയും നിരോധനം ബാധിച്ചു. കോഴി ഫാം ഉടമകളും പ്രതിസന്ധിയിലാണ്. കോൾഡ് സ്റ്റോറേജുകാർ സ്റ്റോക്ക് ചെയ്തിരുന്ന കോഴി ഇറച്ചി പോലും ചെലവാകാത്ത സ്ഥിതിയിലാണ്.
കോഴി,താറാവ് വില രൂപയിൽ (കിലോഗ്രാമിന്)
ഇറച്ചിക്കോഴി : 120-140
കോഴി ഇറച്ചി : 190-240
താറാവ് ഒന്നിന് : 250-300
60 : പക്ഷിപ്പനിയെത്തുടർന്ന് ഇറച്ചിക്കോഴി വില്പനയിൽ അറിപത് ശതമാനത്തോളം കുറവുണ്ടായി
പക്ഷിപ്പനിയെത്തുടർന്ന് കൊന്നൊടുക്കിയ താറാവുകൾക്കുള്ള നഷ്ടപരിഹാരം കർഷകർക്ക് ഉടൻ നൽകണം. താറാവു കർഷകരെ സംരക്ഷിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചില്ലെങ്കിൽ സമരം ആരംഭിക്കും.
അഡ്വ. ബി.രാജശേഖരൻ, പ്രസിഡന്റ് , ഐക്യ താറാവ് കർഷക സംഘം
താറാവ്, ഇറച്ചിക്കോഴി വില്പനക്കാർക്ക് സഹായം നൽകാൻ സർക്കാർ തയ്യാറാകണം. ജനങ്ങളെ ആശങ്കപ്പെടുത്തുന്ന തരത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിരോധനം പിൻവലിക്കണം.
- പി.ആർ.ഷിഹാബ്, ജില്ലാ സെക്രട്ടറി, ചിക്കൻ മർച്ചന്റ് അസോസിയേഷൻ
കോഴി- താറാവ് കർഷകർക്ക് ഉണ്ടായ പ്രതിസന്ധി മറികടക്കാൻ തീറ്റയുടെ വില കുറയ്ക്കാനോ സാമ്പത്തിക സഹായം നൽകാനോ നടപടി വേണം. നഷ്ടത്തിന്റെ തോത് അനുസരിച്ച് ന്യായമായ നഷ്ടപരിഹാരം നൽകണം.-അഭിരാം,ഫാം ഉടമ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |