# ഉമേഷിന് മകൻ കരൾ നൽകും, ജോജിക്ക് കന്യാസ്ത്രീ വൃക്കയും
ചേർത്തല: കരുതിവച്ചതും കടംവാങ്ങിയതുമൊക്കെ ആശുപത്രികളിൽ ചെലവാക്കിയിട്ടും ജീവനുമേൽ പടർന്നുകയറുന്ന രോഗത്തോടു മല്ലിട്ടു തളർന്ന ഉമേഷിനും ജോജിക്കും വേണ്ടി 15ന് നാട് കൈകോർക്കും. കരളിൽ കാൻസർ ബാധിച്ച് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്, പ്രാദേശിക മാദ്ധ്യമ പ്രവർത്തകനായിരുന്ന തണ്ണീർമുക്കം 11-ാം വാർഡ് ഇത്തിപ്പള്ളി വീട്ടിൽ ഉമേഷ് (ഉമേഷ് കണ്ണങ്കര- 50). ഗുരുതര വൃക്കരോഗത്തെത്തുടർന്ന് കോട്ടയം കാരിത്താസിൽ ചികിത്സയിലാണ് ഹോട്ടൽ ജീവനക്കാരനും ഇതേ വാർഡുകാരനുമായ ചാലുങ്കൽ വീട്ടിൽ ജോജി (35). ഉമേഷിന്റെ കരളും ജോജിയുടെ വൃക്കയും മാറ്റിവച്ചെങ്കിൽ മാത്രമേ ഇരുവർക്കും ഇനിയൊരു തിരിച്ചുവരവിന് സാദ്ധ്യതയുള്ളൂവെന്ന് ഡോക്ടർമാർ അടിവരയിട്ടു പറഞ്ഞതോടെയാണ് പഞ്ചായത്തിലെ 23 വാർഡുകളിലും ചികിത്സാ സഹായ സമിതിയുടെ നേതൃത്വത്തിൽ 15ന് സ്ക്വാഡുകൾ ധനസമാഹരണത്തിന് ഇറങ്ങുന്നത്.
ഒരുവർഷമായി കരൾ രോഗത്തിനു ചികിത്സയിലാണ് ഉമേഷ്. വിട്ടുമാറാത്ത വയറുവേദനയെത്തുടർന്ന് ആലപ്പുഴ, കോട്ടയം മെഡി. ആശുപത്രികളിൽ നടത്തിയ പരിശോധനയിലാണ് കാര്യങ്ങൾ കൈവിട്ടുപോകുംവിധം കരളിൽ കാൻസർ പടർന്നു കയറിയ വിവരം ബോദ്ധ്യമായത്. ഇതുവരെ നടത്തിയ ചികിത്സ കുടുംബത്തെ കടക്കെണിയിലാക്കി. ഭാര്യ സുജയുടെ കരൾ ഉമേഷിന് യോജിക്കുന്നതല്ല. ഇതോടെ 22 വയസുള്ള മകൻ ഹരികൃഷ്ണൻ അച്ഛന്റെ ജീവൻ രക്ഷിക്കാനായി കരൾ പകുത്തു നൽകാൻ തയ്യാറായി. ശസ്ത്രക്രിയയ്ക്കായി ഈ മാസത്തെ മൂന്നു ദിവസങ്ങൾ ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. അതിനുള്ളിൽ 25 ലക്ഷത്തോളം രൂപ കണ്ടെത്തണം. ഒരു മകൻകൂടിയുണ്ട് ഉമേഷിന്.
ജോജി മൂന്നുവർഷമായി വൃക്ക രോഗത്തിനു ചികിത്സയിലാണ്. ആഴ്ചയിൽ രണ്ടു തവണ നടത്തുന്ന ഡയാലിസിസ് ആണ് ജീവൻ നിലനിറുത്തുന്നത്. അദ്ധ്യാപികയായ കന്യാസ്ത്രീ ജോജിക്ക് വൃക്ക നൽകാമെന്ന് അറിച്ചിട്ടുണ്ട്. ഭാര്യയും 10ഉം 12ഉം വയസുള്ള രണ്ടുമക്കളും ഉൾപ്പെടുന്ന കുടുംബം നിത്യച്ചെലവിനുപോലും മാർഗമില്ലാതെ വലയുകയാണ്.
ഇന്നു രാവിലെ 8 മുതൽ ഒന്നു വരെയാണ് ധനസമാഹരണം. എല്ലാ വാർഡുകളിലും നൂറുകണക്കിനു വോളണ്ടിയർമാർ സജ്ജമാണെന്ന് ചികിത്സാ സഹായസമിതി ചെയർമാൻ പി.ജെ.തോമസ്, കൺവീനറും ജില്ലാ പഞ്ചായത്തംഗവുമായ പി.എസ്.ഷാജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ജി.പണിക്കർ, പഞ്ചായത്ത് സെക്രട്ടറി ഉദയസിംഹൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി.എസ്.ഷാജി കൺവീനറായും തണ്ണീർമുക്കം 10-ാം വാർഡംഗം പി.ജെ.തോമസ് ചെയർമാനുമായാണ് സഹായസമിതി രൂപീകരിച്ചത്. സഹായം സ്വീകരിക്കാനായി
പുത്തനങ്ങാടി ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ 13220100268936. IFS CODE- FDRL 0001322. ഫോൺ: 9778375143, 9446421969.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |