ആലപ്പുഴ: ബില്ല് അടയ്ക്കാത്തതിനാൽ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിട്ട് മാസങ്ങളായെന്ന് കളക്ടർക്ക് പരാതിക്കത്തെഴുതിയ മൂന്നാംക്ളാസുകാരനും കുടുംബത്തിനും വെളിച്ചം പകർന്ന് കളക്ടർ വി.ആർ. കൃഷ്ണതേജ.
മാവേലിക്കര അറുന്നൂറ്റിമംഗലം സ്വദേശിയായ അർജുൻ കൃഷ്ണയാണ് ബുദ്ധിമുട്ടുകൾ വിവരിച്ച് കളക്ടർക്ക് കത്തെഴുതിയത്. മാസങ്ങളായി വീട്ടിൽ കറണ്ട് ഇല്ലാത്തതിനാൽ മെഴുകുതിരി വെട്ടത്തിലാണ് അർജ്ജുനും കുടുംബവും കഴിയുന്നത്. വീട്ടിലിരുന്ന് പഠിക്കാൻ പോലും സാധിക്കുന്നില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബുധനാഴ്ചയാണ് കളക്ടർക്ക് കത്ത് ലഭിച്ചത്. ഉടൻതന്നെ അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും കെ.എസ്.ഇ.ബി.യിൽ അടയ്ക്കാനുണ്ടായിരുന്നു പണം സ്വന്തം കൈയിൽ നിന്നടച്ച് വൈദ്യുതി പുന:സ്ഥാപിച്ച് നൽകുകയുമായിരുന്നു.
ഇന്നലെ അർജുൻ കൃഷ്ണയുടെ വീട് കളക്ടർ സന്ദർശിച്ചു. എട്ട് വർഷമായി ടി.വി ഇല്ലാത്ത വിവരവും അർജുൻ കത്തിൽ എഴുതിയിരുന്നു. അതിനാൽ ടി.വിയും വാങ്ങിയാണ് കളക്ടർ എത്തിയത്. നിർദ്ധന കുടുംബാംഗമായ അർജുന് പഠിക്കാനുള്ള സൗകര്യങ്ങളും പുതിയ യൂണിഫോമും അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |