അമ്പലപ്പുഴ: സംസ്ഥാനത്തെ ആദ്യത്തെ ശീതീകരിച്ച അങ്കണവാടിയിൽ പഠനത്തിനു തുടക്കം. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനാറാം വാർഡിലാണ് 2200 ചതുരശ്ര അടിയിൽ പൂർത്തീകരിച്ച അങ്കണവാടി പ്രവർത്തനമാരംഭിച്ചത്.
26 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ച ബഹുനില മന്ദിരത്തിൽ പഠനമുറി, അടുക്കള, സ്റ്റോർ റൂം, ശൗചാലയം എന്നിവയും മുകളിലത്തെ നിലയിൽ കോൺഫറൻസ് ഹാളുമാണുള്ളത്. 8.91 ലക്ഷം ബ്ലോക്ക് പഞ്ചായത്തിന്റെയും 17.09 ലക്ഷം പഞ്ചായത്ത് വിഹിതവും ചേർത്താണ് നിർമ്മാണം പൂർത്തീകരിച്ചത്. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ് അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭവനചന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സുലഭാ ഷാജി, പി.പി. ആന്റണി, എൻ.കെ. ബിജു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എം. ഷീജ, ജില്ലാ വനിത ശിശു വികസന ഓഫീസർ എൽ. ഷീബ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ, പഞ്ചായത്ത് സെക്രട്ടറി വി.എം. സജി, അഞ്ജു അരുമനായകൻ, സി.ഡി.പി ഒ കെ. രേഖ, മധു പുന്നപ്ര, കെ.ജെ. ജോബ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |