ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്തിന് സമീപം കൊല്ലം തേനി ഹൈവേയിൽ പാലത്തിനോട് ചേർന്ന പൈപ്പ് ലൈൻ പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും നടപടിയില്ല. ഓവർഫ്ലോ കൺട്രോളിന് സ്ഥാപിച്ചിട്ടുള്ള വാൽവ് പൊട്ടിയാണ് ഹൈവേയിലൂടെ വെള്ളമൊഴുകുന്നത്. ഇത് ഇരുചക്രവാഹനക്കാരെയും കാൽനട യാത്രക്കാരെയും ദുരിതത്തിലാക്കുന്നു. മാറ്റി സ്ഥാപിക്കാൻ നടപടി ഉണ്ടാകാത്തതിനാൽ നാട്ടുകാർ ചാക്കുകൊണ്ട് പൊതിഞ്ഞ് റോഡിലേക്കുള്ള ജലപ്രവാഹം തടയാൻ ശ്രമിക്കുന്നുണ്ട്. നിരവധി തവണ മാവേലിക്കര വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ പഞ്ചായത്ത് അധികൃതരും പൊതുജനങ്ങളും വിവരം ധരിപ്പിച്ചെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. താമരക്കുളം നെരിയാണിക്കൽ ക്ഷേത്രത്തിനു സമീപം പുതിയ പൈപ്പ്ലൈൻ സ്ഥാപിച്ചപ്പോൾ പാലത്തിന്റെ മുകളിൽ ഓവർഫ്ലോ പൈപ്പ് സ്ഥാപിച്ചത് പാലത്തിനു ബലക്ഷയം ഉണ്ടാകുന്ന വിധത്തിലാണന്ന് ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |