എറണാകുളം ജനറൽ ആശുപത്രിക്ക് പുതിയ നേട്ടം
മുടക്ക് 25കോടി. മാസം 800കീമോതെറാപ്പികൾ
കൊച്ചി: എറണാകുളം ജില്ലയിലെ ആധുനിക സമ്പൂർണ കാൻസർ ചികിത്സാ കേന്ദ്രം ജില്ലാ ജനറൽ ആശുപത്രിയിൽ ഒരുങ്ങുന്നു. മാർച്ച് അവസാനം നാടിന് സമർപ്പിക്കും. ആശുപത്രിയുടെ കിഴക്ക് വശത്ത് ടി.ഡി.റോഡിലാണ് കാൻസർ ചികിത്സാ കേന്ദ്രം. 25കോടി രൂപ മുതൽമുടക്കിലാണ് ബേസ്മെന്റ് ഉൾപ്പെടെ ഏഴ് നിലകളിലെ കാൻസർ ബ്ലോക്ക്. 2020 ജനുവരി 15നാണ് കരാറുകാരായ ഇൻകൽ നിർമ്മാണം ആരംഭിച്ചത്. എൻ.എ.ബി.എച്ച് നിലവാരത്തിൽ 2022ൽ നിർമ്മാണം പൂർത്തീകരിക്കാനായിരുന്നു പദ്ധതി. കൊവിഡ് പ്രതിസന്ധിയാൽ വൈകി. വൈദ്യുതി കണക്ഷൻ വരെയുള്ള ജോലികൾ പൂർത്തിയായിട്ടുണ്ട്.
120ലേറെ ജീവനക്കാരുമായാകും കാൻസർ ചികിത്സാ ബ്ലോക്ക് പ്രവർത്തനമാരംഭിക്കുക. നിലവിലെ രണ്ട് ഒ.പി ബ്ലോക്കുകളിലും കൗൺസലിംഗ് മുറികളും പ്രൊസീജിയർ റൂമും ഉണ്ട്.
പ്രതിദിനം 200രോഗികളെ ചികിത്സിക്കാനാകുന്ന സെന്ററിൽ പ്രതിമാസം 800കീമോതെറാപ്പികൾ നടത്താം. 120 റേഡിയേഷനുകളും തുടർ ചികിത്സയും ഇവിടെ ചെയ്യാം.
78 ബെഡ്ഡുകൾ
മൂന്ന്, നാല് നിലകളിലായുള്ള സ്ത്രീ-പുരുഷ വാർഡുകളിൽ 21വീതം ബെഡ്ഡുകൾ സജ്ജീകരിക്കും. ജനറൽ, ന്യൂട്രോപീനിയ എന്നിങ്ങനെ രണ്ട് ഐ.സി.യുകളിലായി 16 ബെഡ്ഡുകളും കീമോ തെറാപ്പിക്ക് 20ബെഡ്ഡുകളുമുണ്ട്. ഇവയുടെ എണ്ണം വർദ്ധിപ്പിക്കും.
പുതിയ ഓപ്പറേഷൻ തിയേറ്ററുകളുണ്ടാവില്ല. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ആറിൽ ഒന്നും പഴയ കെട്ടിടത്തിലെ അഞ്ചിൽ ഒന്നും തിയേറ്ററുകൾ കാൻസർ രോഗികൾക്കായി മാറ്റി വയ്ക്കും.
കൂടുതൽ ഡോക്ടർമാരും
നിലവിൽ ഡോ. ബാലമുരളികൃഷ്ണയുടെ നേതൃത്വത്തിൽ അഞ്ച് ഡോക്ടർമാരാണ് കാൻസർ വിഭാഗത്തിൽ. 30നഴ്സുമാരുമുണ്ട്. രണ്ട് വിഭാഗത്തിലും എണ്ണം വർദ്ധിപ്പിക്കും.
ചീഫ് സെക്രട്ടറി സന്ദർശിച്ചു
തെക്കൻ കേരളത്തിലെ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ
കഴിഞ്ഞാൽ മദ്ധ്യ കേരളത്തിൽ സമ്പൂർണ കാൻസർ ചികിത്സ ലഭ്യമാകുന്ന ആദ്യ സർക്കാർ കേന്ദ്രമാകും ഇത്. നിർമ്മാണ പ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറി വി.പി. ജോയ് ഈ മാസം 11ന് വിലയിരുത്തിയിരുന്നു.
നിർമ്മാണ ജോലികൾ പൂർത്തീകരിച്ച് മാർച്ച് 31ന് മുൻപ് ബ്ലോക്ക് പ്രവർത്തനമാരംഭിക്കും.
ഡോ. ഷഹീർ ഷാൻ
സൂപ്രണ്ട് എറണാകുളം ജനറൽ ആശുപത്രി
ജീവനക്കാരുടെ എണ്ണം പരമാവധി വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
ഡോ. ഷാബ് ഷെരീഫ്
ആർ.എം.ഒ
നിർമ്മാണത്തുക- 25കോടി
ആകെ നിലകൾ - 7 (ബേസ്മെന്റ് ഉൾപ്പെടെ,5+2)
സൗകര്യങ്ങൾ
ബെഡ്- 78
മെയിൽ വാർഡ്- 21 ബെഡ്
ഫീമെയിൽ വാർഡ്- 21ബെഡ്
ഐ.സി.യു- 2എണ്ണം (9+7=16)
കീമോ തെറാപ്പി- 20ബെഡ്
ജീവനക്കാർ (നിലവിൽ)
ഡോക്ടർമാർ- 05
നഴ്സുമാർ- 30
മറ്റുള്ളവർ- 10
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |