കൊച്ചി: ജില്ലയുടെ പല പ്രദേശങ്ങളെയും വലയ്ക്കുന്ന കുടിവെള്ളക്ഷാമത്തിന് രണ്ടു ദിവസത്തിനുള്ളിൽ പരിഹാരമാകുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ. പാഴൂർ പമ്പ് ഹൗസിലെ തകരാറിലായ പമ്പിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.
പാഴൂരിലെ പമ്പിംഗ് പ്രശ്നമാണ് കൊച്ചിയടക്കമുള്ള പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമത്തിന് കാരണമായത്. പശ്ചിമകൊച്ചി , മരട് മുനിസിപ്പാലിറ്റി, കുമ്പളം, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കുടിവെള്ളമെത്തുന്നത് പാഴൂരിൽ നിന്നാണ്. ഇവിടുത്തെ മൂന്ന് പമ്പുകളിൽ രണ്ടെണ്ണം പണിമുടക്കിയതോടെയാണ് ജലവിതരണം താറുമാറായത്.
പമ്പിംഗ് പാതി മാത്രം
പിറവത്തെ പാഴൂർ ജൻറം കുടിവെള്ള പദ്ധതിയിൽ നിന്ന് നിലവിൽ കൊച്ചിയിലേയ്ക്ക് 46 ദശലക്ഷം ലിറ്റർ വെള്ളം മാത്രമാണ് വിതരണം ചെയ്യുന്നത്. പ്രതിദിനം 96 ദശ ലക്ഷം ലിറ്റർ ലഭിച്ചിരുന്ന സ്ഥാനത്ത് അതിന്റെ പാതി മാത്രം വെള്ളമെത്തുന്നതു കൊണ്ടുള്ള കഷ്ടതകളാണ് ജനങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത്. ഈ കുറവു നികത്താൻ കുടിവെള്ള ടാങ്കറുകൾക്കു കഴിയില്ല.
അറ്റകുറ്റപ്പണി
പുരോഗമിക്കുന്നു
804 എച്ച്.പിയുടെ മൂന്ന് മോട്ടോർ പമ്പുകളാണ് പാഴൂരിലുള്ളത്. ഇതിൽ രണ്ടെണ്ണം 24 മണിക്കൂറും പ്രവർത്തിപ്പിച്ചാണ് പാഴൂരിൽ നിന്ന് മരടിലെ ശുദ്ധീകരണശാലയിലേയ്ക്ക് വെള്ളം പമ്പു ചെയ്യുന്നത്. ജനുവരി 28 ന് അതിലൊന്ന് കേടായി. അത് നന്നാക്കാൻ ശ്രമിക്കുന്നതിനിടയിൽ ഫെബ്രുവരി 9 ന് രണ്ടാമത്തെ പമ്പും കേടായതോടെ ജലക്ഷാമം രൂക്ഷമായി. കേടായ പമ്പുകളുടെ ഷാഫ്റ്റും ഇൻപെല്ലറുകളും നന്നാക്കി കൊണ്ടിരിക്കുകയാണെന്ന് ജല അതോറിട്ടി അധികൃതർ പറഞ്ഞു.
18 മീറ്റർ ആഴമുള്ള കിണറ്റിൽ നിന്ന് കൂറ്റൻ പൈപ്പുകൾ പുറത്തെടുത്ത് കേടുപാടുകൾ തീർക്കുന്ന പണികളാണ് പാഴൂരിൽ നടക്കുന്നത്. 600 എം.എം വലുപ്പമുള്ള പൈപ്പുകളാണിത്. കിണറിന്റെ മീതേയുള്ള പ്ളാറ്റ്‌ഫോമിൽ നിന്ന് നാലു മീറ്റർ ഉയരത്തിലാണ് പമ്പിന്റെ സ്ഥാനം. പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്.
കേടായ രണ്ടാമത്തെ പമ്പിന്റെ അറ്റകുറ്റപ്പണികളും ഇതോടൊപ്പം നടന്നുവരുന്നു. 24 മണിക്കൂറും പണികൾ തുടരുന്നു. മൂന്നു പമ്പുകളും ഒരേ സമയം പ്രവർത്തിച്ചു തുടങ്ങുന്നതോടെ പ്രതിദിനം 70-75 ദശലക്ഷം ലിറ്റർ വെള്ളം വിതരണം ചെയ്യാൻ കഴിയുമെന്ന് ഉദ്യാേഗസ്ഥർ പറഞ്ഞു. വേനൽക്കാലം കണക്കിലെടുത്ത് മൂന്നു പമ്പുകളും ഒന്നിച്ച് പ്രവർത്തിപ്പിക്കാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |