കൊച്ചി: റൂട്ട് ദേശസാത്കരണത്തിന്റെ പേരിൽ റദ്ദാക്കിയ സ്വകാര്യബസുകൾക്ക് പകരം സർവീസ് നടത്താൻ സംവിധാനമില്ലാതെ കെ.എസ്.ആർ.ടി.സി കിതയ്ക്കുമ്പോൾ മലയോരമേഖലയിൽ യാത്രാക്ലേശം രൂക്ഷം.
140 കിലോമീറ്ററിൽ കൂടുതൽ ദൂരം സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റാണ് ഫെബ്രുവരി 28ന് പൂർണമായും ഇല്ലാതായത്. ഈ പെർമിറ്റുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ 300 സ്വകാര്യബസുകൾ നിരത്തൊഴിഞ്ഞ് 3 ദിവസം പിന്നിടുമ്പോഴും 198 എണ്ണമേ കെ.എസ്.ആർ.ടി.സിക്ക് ഓടിക്കാനായുള്ളു. ഇതിൽ ഏറെയും ഫാസ്റ്റ് പാസഞ്ചറായതോടെ, യാത്രാനിരക്കിൽ 10 ശതമാനത്തിലേറെ വർദ്ധനയുണ്ടായി. ഉൾനാട്ടിലേക്ക് കെ.എസ്.ആർ.ടി.സി
സർവീസില്ലാത്തതിനാൽ ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിലെ സാധാരണക്കാരും വിദ്യാർത്ഥികളും പ്രതിസന്ധിയിലായി.
2014 മുതൽ ഘട്ടംഘട്ടമായി നടപ്പാക്കിയ റൂട്ട് ദേശസാത്കരണമാണ് കഴിഞ്ഞമാസം 28ന് പൂർത്തിയായത്. ഇതോടെ ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ ഉൾപ്രദേശങ്ങളിൽനിന്ന് എറണാകുളത്തേക്കും എറണാകുളത്തുനിന്ന് കുമളി, കട്ടപ്പന, മറയൂർ, കാന്തല്ലൂർ, പത്തനംതിട്ട, എരുമേലി, റാന്നി, ആങ്ങമൂഴി, മലബാർ മേഖലയിലേക്കും കോട്ടയം ചങ്ങനാശേരി ഭാഗത്തുനിന്ന് കട്ടപ്പന, നെടുങ്കണ്ടം തുടങ്ങിയ കാർഷികമേഖലയിലേക്കും സർവീസ് നടത്തിയിരുന്ന മുഴുവൻ സ്വകാര്യബസ് സർവീസുകളും റദ്ദായി.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2014 മുതലാണ് സ്വകാര്യ ബസുകളുടെ ദീർഘദൂര സർവീസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്തുതുടങ്ങിയത്. സ്വകാര്യ പെർമിറ്റുകൾ ഏറ്റെടുക്കുമ്പോൾ യാത്രക്കാരെ വലയ്ക്കില്ലെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുള്ളതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |