തൃക്കാക്കര: നാലു ദിവസമായി നിന്നു കത്തുന്ന ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീ അണയ്ക്കാൻ നെട്ടോട്ടമോടുകയാണ് ഫയർഫോഴ്സ്.തൃക്കാക്കര ,ആലുവ,പട്ടിമറ്റം,തൃപ്പുണിത്തുറ,ക്ലബ് റോഡ് തുടങ്ങിയ സ്റ്റേഷനുകളിൽ നിന്നുള്ളതും നാവികസേനയുടെയും ഫയർ എൻജിനുകൾ പ്രവർത്തിപ്പിച്ചിട്ടും തീ അണക്കാനായിട്ടില്ല. മാലിന്യ സംസ്കരണ പ്ലാന്റിൽ തീ അണക്കാൻ വെള്ളത്തിന് ക്ഷാമം നേരിട്ടതോടെ ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചുതുടങ്ങി. ഇന്നലെ രാവിലെ നേവിയുടെ ഹെലികോപ്ടറിൽ നിന്ന് വെള്ളം സ്പ്രേ ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കിയിരുന്നു. ഒരു മണിക്കൂറോളം വെള്ളം സ്പ്രേ ചെയ്തെങ്കിലും പുക ഉയരുന്നതിനാൽ അഗ്നിസേനാ വിഭാഗത്തിന് താഴെ നിന്ന് പ്രവർത്തിക്കാൻ കഴിയാതെ വന്നതിനാൽ ഹെലികോപ്ടറിലെ വെള്ളമുപയോഗിച്ചുള്ള തീയണയ്ക്കൽ നിറുത്തിവച്ചു. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം പ്ളാന്റിലെ സ്ഥിതിഗതികൾ വിലയിരുത്തി.
20 ഫയർഫോഴ്സ്
യൂണിറ്റുകൾ കൂടി
ആറു മേഖലകളായി തിരിച്ചാണ് തീയണയ്ക്കൽ നടത്തുന്നത്. ഇതിൽ നാല് മേഖലകളിലെ തീയണയ്ക്കുന്നതിന് അഗ്നിരക്ഷാ സേനാ യുണിറ്റുകളും ബാക്കി സ്ഥലങ്ങളിൽ നേവി, കൊച്ചിൻ റിഫൈനറി എന്നിവയുടെ യുണിറ്റുകളുമാണുള്ളത്.നിലവിലുള്ള 27 യൂണിറ്റുകൾക്ക് പുറമേ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെയും സിയാലിന്റെയും അധിക യൂണിറ്റുകളെ ഇന്ന് വിന്യസിക്കും. സമീപത്തെ പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് ആലപ്പുഴ ജില്ലയിൽ നിന്ന് രണ്ടു വലിയ പമ്പുകൾ എത്തിക്കും. ചെറിയ ഡീസൽ പമ്പുകൾ ലഭ്യമാക്കാനും തീരുമാനിച്ചു. ഹെലികോപ്റ്ററുകളിൽ ഒറ്റത്തവണ 600 ലിറ്റർ വെള്ളമാണ് പ്ലാന്റിന് മുകളിൽ തളിച്ചത്. പക്ഷെ ഇത് ഫലം കണ്ടില്ല. ഇതോടെയാണ് ഫയർ എൻജിനുകൾ തുടർന്നും ഉപയോഗിക്കാനുള്ള തീരുമാനം അധികൃതർ സ്വീകരിച്ചത്.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ കോർപ്പറേഷൻ കോടികൾ മുടക്കി സ്ഥാപിച്ച ഫയർ ഹൈഡ്രൻഡുകൾ പ്രവർത്തന രഹിതമാണ്. അഞ്ചെണ്ണമാണ് പ്ലാന്റിലെ വിവിധ പ്രദേശങ്ങളിൽ കോർപ്പറേഷൻ സ്ഥാപിച്ചിരുന്നത്. മണിക്കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രണ്ട് ഹൈഡ്രൻഡുകളാണ് പ്രവർത്തന സജ്ജമാക്കാൻ സാധിച്ചത്.
അന്വേഷിക്കും
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ അഗ്നിബാധയിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.
ഇന്ന് പുറത്തിറങ്ങരുത്
പുക നിയന്ത്രണവിധേയമാക്കുവാൻ കഴിയാത്തതിനാൽ ബ്രഹ്മപുരത്തിനും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർ ഇന്ന് കഴിവതും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കടകളും സ്ഥാപനങ്ങളും അടച്ചിടണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിർദേശപ്രകാരമാണിത്. പ്രദേശത്ത് കൂടുതൽ ഓക്സിജൻ കിയോസ്കുകൾ സജ്ജമാക്കുമെന്നും അടിയന്തര സാഹചര്യത്തെ നേരിടാൻ ആശുപത്രികൾ തയ്യാറാണെന്നും രേണുരാജ് വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതൽ പുക കൂടുതൽ സമയം ഇന്നലെ അന്തരീക്ഷത്തിൽ പടർന്നിരുന്നു. ബ്രഹ്മപുരത്ത് നിന്ന് പത്ത് കിലോമീറ്റർ അകലെ വരെ പുകയെത്തി. സമാന സ്ഥിതി ഇന്നും ഉണ്ടാകമെന്നാണ് കണക്കുകൂട്ടൽ.
നഗരസഭകളുടെ മാലിന്യ
നീക്കം അവതാളത്തിൽ
തൃക്കാക്കര: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് കൊച്ചി കോർപ്പറേഷന്റെയും സമീപ നഗരസഭകളുടെയും മാലിന്യ നീക്കം നിലച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ബ്രഹ്മപുരത്തേയ്ക്ക് മാലിന്യങ്ങൾ നിക്ഷേപിക്കാനാവുന്നില്ല. കൊച്ചി കോർപ്പറേഷന് പുറമെ ആലുവ, കളമശേരി,അങ്കമാലി, തൃപ്പുണിത്തുറ, തൃക്കാക്കര നഗരസഭകളും ചേരാനല്ലൂർ ,ചെല്ലാനം ,വാടകോട് പുത്തൻകുരിശ് എന്നീ പഞ്ചായത്തുകളും നിന്നുമാണ് മാലിന്യം ബ്രഹ്മപുരം പ്ലാന്റിൽ നിക്ഷേപിക്കുന്നത്.
നടപടി ഉണ്ടായില്ലെങ്കിൽ ജനകീയ
പ്രക്ഷോഭം നടത്തും: ടി.ജെ. വിനോദ്
കൊച്ചി: വിഷപ്പുകയേറ്റ് ശ്വാസം മുട്ടുന്ന കൊച്ചി നഗരത്തെ രക്ഷിക്കാൻ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തെ സർക്കാർ നേരിടേണ്ടിവരുമെന്ന് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു.
കൊച്ചു കുഞ്ഞുങ്ങളും രോഗികളുമുള്ള നിരവധി കുടുംബങ്ങൾ പ്രാണരക്ഷാർത്ഥം പുലർച്ചെ തന്നെ നഗരം വിട്ടുപോയി. അതിന് കഴിയാത്തവർ ശ്വാസം മുട്ടി വീടുകളിൽ തുടരേണ്ടി വന്നു. വിഷയത്തിൽ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അടിയന്തരമായി പരാതി നൽകിയിട്ടുണ്ടെന്നും പ്രശ്നത്തിൽ അന്വേഷണം ആവശ്യമാണെന്നും എം.എൽ.എ പറഞ്ഞു.
ദൗത്യം ഊർജിതം,
കാറ്റിൽ തിരിച്ചടി: മേയർ
കൊച്ചി: ബ്രഹ്മപുരം പ്ളാന്റിനെ ആറ് സെക്ടറുകളായി തിരിച്ച് തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടരുന്നതായി മേയർ എം. അനിൽകുമാർ പറഞ്ഞു. അഗ്നിരക്ഷാസേനയുടെ നാലു യൂണിറ്റുകൾ കൂടാതെ നേവിയുടെയും ബി.പി.സി.എല്ലിന്റെയും ഓരോ യൂണിറ്റും രംഗത്തുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എത്തിപ്പെടാൻ കഴിയാതിരുന്നിടത്തൊക്കെ ഇന്നലെ എത്താൻ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞു. രാവിലെ 7ന് ആരംഭിച്ച ദൗത്യം 1.30 വരെ നീണ്ടു . ഉച്ചയ്ക്കു ശേഷമുളള ശക്തമായ കാറ്റ് തടസമായെങ്കിലും പ്രവർത്തനങ്ങൾ തുടരുകയാണ്.
രാവിലെ നേവിയുടെ ഹെലികോപ്ടർ വെള്ളം തളിക്കാൻ ശ്രമിച്ചെങ്കിലും പുക പടരുന്നതിനാൽ നിർത്തിവയ്ക്കേണ്ടിവന്നു. ഇന്ന് കൂടുതൽ നിയന്ത്രണ വിധേയമാകുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.
സമഗ്ര അന്വേഷണം
വേണം: ഹൈബി
കൊച്ചി : ബ്രഹ്മപുരം തീപിടിത്തത്തിൽ സമഗ്രാന്വേഷണം വേണമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ഇതിനു പിന്നിൽ ആസൂത്രിത ഗൂഢാലോചനയും അഴിമതിയുമുണ്ട്. പ്ളാസ്റ്റിക് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനോ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കാനോ സംവിധാനമില്ലാത്തത് നിരാശാജനകമാണെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |