കൊച്ചി: ബ്രഹ്മപുരത്തേത് മനുഷ്യനിർമ്മിത തീപിടിത്തമെന്ന് ബെന്നി ബഹനാൻ എം.പി ആരോപിച്ചു. ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ കോർപ്പറേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണ്. പ്ലാന്റിന് പിന്നിലെ അഴിമതിയെ കുറിച്ച് ഹൈക്കോടതി നിരീക്ഷണത്തിൽ അന്വേഷണം വേണം. കൊച്ചിൻ കോർപ്പറേഷൻ ബയോമൈനിംഗുമായി ബന്ധപ്പെട്ട് ടെൻഡർ ആരംഭിക്കുന്നതിനു മുമ്പ് തന്നെ ആസൂത്രിതമായി അഴിമതിക്ക് വേണ്ടിയിട്ടുള്ള കളമൊരുക്കുകയായിരുന്നു. മുൻ എൽ.ഡി.എഫ് കൺവീനറുടെ മകളും മരുമകനും ഡയറക്ടറായിട്ടുള്ള കമ്പനിക്ക് കരാർ ലഭിക്കുന്നതിന് വേണ്ടി സർക്കാരും കൊച്ചിൻ കോർപ്പറേഷനും വഴിവിട്ട പ്രവർത്തനമാണ് നടത്തിയത്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ വി.ജെ. പൗലോസ്, കെ.പി. ധനപാലൻ, എൻ. വേണുഗോപാൽ, ഡൊമിനിക് പ്രസന്റേഷൻ, ദീപ്തി മേരി വർഗീസ്, ടോണി ചമ്മിണി, ലൂഡി ലൂയിസ്, കെ.എം. സലീം, എം.ആർ. അഭിലാഷ്, മനോജ് മൂത്തേടൻ, അജിത് അമീർ ബാവ, അബ്ദുൾ ലത്തീഫ്, പി.ബി. സുനീർ, വി.കെ. മിനിമോൾ, തമ്പി സുബ്രഹ്മണ്യൻ, ആന്റണി പൈനുംതറ, സേവ്യർ തായങ്കരി, എൻ. ആർ. ശ്രീകുമാർ, ഹെൻട്രി ഓസ്റ്റിൻ, ജോഷി പള്ളൻ, കെ.വി.പി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |