അങ്കമാലി: സഹോദരനെ ക്രൂരമായി മർദ്ദിച്ച കേസിൽ ജ്യേഷ്ഠനും ജ്യേഷ്ഠന്റെ മകനും റിമാൻഡിൽ. പുളിയനം ഭാഗത്ത് വച്ച് പരിയാടൻ സേവ്യറെ മർദിച്ച് കൈകാലുകൾ ഒടിച്ച കേസിൽ ജേഷ്ഠൻ പുളിയനം പരിയാടൻ പീറ്റർ (64), മകൻ റെനിൽ പീറ്റർ (35) എന്നിവരെയാണ് അങ്കമാലി കോടതി റിമാൻഡ് ചെയ്തത്.
ഫെബ്രുവരി 28ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിയിലെ അമ്പ് പ്രദക്ഷിണം ഒരു വീട്ടിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് സേവ്യറും പ്രതികളുമായി തർക്കമുണ്ടായി. ഇതിനെത്തുടർന്ന് വീടിന് മുൻവശത്തെ റോഡിൽ വച്ച് പീറ്ററും റെനിലും ചേർന്ന് കമ്പി വടികൊണ്ട് സേവ്യറെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികൾ മൂന്നാർ, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽപ്പോയി. തുടർന്ന് ജില്ലാ കോടതിയിലും ഹൈക്കോടതിയിലും മുൻകൂർ ജാമ്യാപേക്ഷ നൽകി. കോടതി ജാമ്യാപേക്ഷ തള്ളി. പൊലീസ് പിടികൂടുമെന്നുറപ്പായപ്പോൾ പ്രതികൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. അങ്കമാലിയിലെ ഒരു ബാങ്കിലെ ജീവനക്കാരനാണ് റെനിൽ പീറ്റർ. ഇൻസ്പെക്ടർ പി.എം ബൈജു , എസ്.ഐമാരായ എസ് ദേവിക, പ്രദീപ്കുമാർ എസ്.സി.പി.ഒ അജിത്ത്കുമാർ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |