മാലദ്വീപിലെ കണ്ടൽനാശം ലോകത്തിന് മുന്നറിയിപ്പ്  കുസാറ്റ് പഠനസംഘത്തിന്റെ റിപ്പോർട്ട്

Saturday 29 March 2025 12:32 AM IST

കൊച്ചി: കാലാവസ്ഥാ വ്യതിയാനം മൂലമുള്ള സമുദ്രനിരപ്പിലെ ഏറ്റക്കുറച്ചിലും ഉപ്പിന്റെ വർദ്ധനയും കണ്ടൽവനങ്ങൾക്ക് മരണമണിയാകുന്നു. ഏഷ്യ, ഓസ്‌ട്രേലിയ, ആഫ്രിക്ക, സൗത്ത് അമേരിക്ക എന്നിവടങ്ങളിൽ തീരസംരക്ഷണ സസ്യമായ കണ്ടലുകൾ നിലനിൽപ്പ് ഭീഷണിയിലാണ്. മാലദ്വീപിലെ 22.12 ഹെക്ടർ അത്യപൂർവ കണ്ടലുകൾ (ബ്രുഗ്യേര സിലിൻഡ്രിക്ക) ഒറ്റയടിക്ക് നശിച്ചതിനെക്കുറിച്ച് കുസാറ്റിലെ ശാസ്ത്രസംഘം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഇന്ത്യ - മാലദ്വീപ് സംയുക്ത ഗവേഷണ പദ്ധതിയുടെ ഭാഗമായിരുന്നു പഠനം.

കുസാറ്റിലെ മറൈൻ സയൻസസ് ഫാക്കൽറ്റി ഡീനും കണ്ണൂർ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറുമായ പ്രൊഫ. എസ്. ബിജോയ് നന്ദൻ, കുസാറ്റിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷക ഡോ. എസ്. ശ്രീലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലുള്ള 11 അംഗ സംഘമാണ് മാലദ്വീപിൽ പഠനം നടത്തിയത്. പഠന റിപ്പോർട്ട് മാലിദ്വീപ് ഗവൺമെന്റിന് കൈമാറി.

മാലദ്വീപിന് സമാനമായി ലക്ഷദ്വീപ്, ഓസ്‌ട്രേലിയ, ബ്രസീൽ എന്നിവിടങ്ങളിലും അത്യപൂർവ കണ്ടലുകൾ വ്യാപകമായി നശിച്ചു. തീരത്തുനിന്ന് അല്പംമാറി ഒറ്റത്തടി പോലെ വളരുന്നയിനം കണ്ടലുകളാണ് ബ്രുഗ്യേര സിലിൻഡ്രിക്ക (കരക്കണ്ടൽ). ജലത്തിലെ ലവണാംശം 25 പി.എസ്.യു വരെ ഇവയ്‌ക്ക് താങ്ങാനാകും. സമുദ്രനിരപ്പ് ഉയരുകയും ലവണാംശം ഒറ്റയടിക്ക് 35 പി.എസ്.യുവിൽ എത്തുകയും ചെയ്തതാണ് മാലദ്വീപിൽ കണ്ടൽനാശത്തിന് വഴിതുറന്നത്.

 82 ഇനം കണ്ടൽ

ലോകത്തിൽ 82 ഇനം കണ്ടലുള്ളതിൽ പലതും വംശനാശ ഭീഷണിയിലാണ്. സാധാരണയായി ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപഉഷ്ണമേഖലാ പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്. കേരളത്തിൽ 10 തീരദേശ ജില്ലകളിലായി 1782 ഹെക്ടർ കണ്ടൽ വനങ്ങൾ മാത്രമേയുള്ളൂ.

കണ്ടലിന്റെ മേന്മകൾ

 മണ്ണൊലിപ്പ് തടയുക

തീരത്തെ നനവും കുളിർമയും നിലനിറുത്തുക

വെള്ളത്തിൽ ലവണാംശം കൂടാതെ സഹായിക്കുക

 ഓക്‌സിജന്റെ അളവ് കുറയാതെ നോക്കുക

 പക്ഷികളുടെയും വിവിധയിനം മത്സ്യങ്ങളുടെയും ചെറുജീവികളുടെയും ആവാസകേന്ദ്രമാണ് കണ്ടൽ വനം.

 ചൂടിനെ പ്രതിരോധിക്കാൻ കണ്ടൽ ചെടിയുടെ ഇലയ്‌ക്കു പ്രത്യേക കഴിവുണ്ട്.

മാലദ്വീപിലെ സാഹചര്യം ലോകമെമ്പാടുമുള്ള തീരദേശ പ്രദേശങ്ങൾക്ക് മുന്നറിയിപ്പാണ്. ബ്രുഗ്യേര സിലിൻഡ്രിക്കയ്ക്ക് പുറമേ മറ്റുകണ്ടലുകളും നാശത്തിന്റെ വഴിയിലാണ്. ഡോ. എസ്. ശ്രീലക്ഷ്മി പോസ്റ്റ് ഡോക്ടറൽ ഗവേഷക, കുസാറ്റ്